ചിതറ പഞ്ചായത്ത് വികസന സദസ് ചിതറയിലെ പട്ടികജാതി ഉന്നതി നവീകരിക്കും: മന്ത്രി ജെ.ചിഞ്ചു റാണി
ഒരു കോടി രൂപ ചെലവഴിച്ച് ചിതറയിലെ പട്ടികജാതി ഉന്നതി നവീകരിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ചിതറ ഗ്രാമപഞ്ചായത്ത് വികസന സദസ് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 10.53 കോടി രൂപ വിനിയോഗിച്ച് പാങ്ങോട്- കിഴക്കുംഭാഗം- മുള്ളിക്കാട്- കൊല്ലായില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. 10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനില്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എസ്. മുരളി വികസനരേഖ പ്രകാശനം ചെയ്തു. നെല്‍കൃഷി, വാഴകൃഷി, ഇടവിള കൃഷികളായിട്ടുള്ള ഇഞ്ചി, മഞ്ഞള്‍, കൂവ, മറ്റു കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ചിതറ പഞ്ചായത്തില്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്ലാസ്മുറികള് ഹൈടെക്കാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷകാലയളവില്‍ ചിതറ പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ വിവിധ റോഡുകള്‍ കോണ്‍ക്രീറ്റ്, റീ-ടാറിങ്, പുതിയ പാലങ്ങളുടെ നിര്‍മാണം നടത്തി. പഞ്ചായത്തില്‍ ലൈഫ് പദ്ധതിയിലൂടെ 448 വീടുകള്‍ നിര്‍മിച്ചുനല്‍കി. ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ പട്ടികജാതി കുടുംബങ്ങള്‍ക്കും വാട്ടര്‍ ടാങ്കും ലഭ്യമാക്കി. എല്ലാ ഊരുകളിലും കുടിവെള്ളം എത്തിച്ചു. ചിതറ ഐരക്കുഴി കുമ്പിക്കാട് കുളത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് നീന്തല്‍ പരിശീലനകേന്ദ്രം ആരംഭിക്കുന്നതിനായുള്ള പദ്ധതിരേഖയും സദസില്‍ പ്രകാശനം ചെയ്തു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം നേടിയ പ്രദേശവാസികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, മുന്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരെ ആദരിച്ചു. കില റിസോഴ്സ് പേഴ്സണ്‍ ആര്. ബാലചന്ദ്രന് നായര്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ചിതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.അമ്പിളി ഗ്രാമപഞ്ചായത്ത് വികസന നേട്ടങ്ങളും അവതരിപ്പിച്ചു. ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ഷീന, സ്ഥിരംസമിതി അധ്യക്ഷരായ ജെ. നജീബത്ത്, കെ. ഉഷ, വി.സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരാപ്പള്ളി, പ്രിജിത്ത്, സന്തോഷ് വളവുപച്ച, പി.സിന്ധു, സാരംഗി ജോയ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എസ്. രമണന്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.ദീപക് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments