സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വിഴിഞ്ഞത്തെ ലോക നെറുകയിലെത്തിച്ചു: മന്ത്രി വി.എന്‍ വാസവന്
'വിഷന്‍ 2031'തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍
സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതെന്ന് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു. 'വിഷന്‍ 2031'ന്റെ ഭാഗമായി തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ അഴീക്കല്‍ തുറമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് പറഞ്ഞ സമയത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പൂർത്തീകരണ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. നിലവില്‍ 554 കപ്പലുകൾ എത്തി. 12,500 ല്‍ പരം ഇരുപത് അടി തുല്യ യൂണിറ്റ് (ടി ഇ യു) കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം മാറിയെന്നും മന്ത്രി പറഞ്ഞു. വിവിധ ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് 2028 ഓടെ രാജ്യത്തിന്റെ പ്രധാന പ്രവേശന കവാടത്തിലൊന്നായി അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖം മാറും. ഡിസംബര്‍ മാസത്തില്‍ ആദ്യ കര മാര്‍ഗമുള്ള ചരക്ക് ഗതാഗത നീക്കത്തിന് അപ്രോച്ച് റോഡ് കമ്മീഷന് ചെയ്യാനാകും. ഇത് കരമാര്‍ഗവും ജലമാര്‍ഗവുമുള്ള ചരക്ക് ഗതാഗതരംഗത്ത് വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവളം, വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രീകൃത ചരക്ക് ഗതാഗതത്തിന് രൂപം വരും.
ചരക്ക് ഗതാഗതത്തിന് കേന്ദ്രീകൃത സ്വഭാവം വന്നാല്‍ 10 മുതല്‍ 30 ശതമാനം വരെ ചരക്ക് ഗതാഗതം ജല മാര്‍ഗേണയാക്കാന്‍ സാധിക്കും. ഇത് വാഹന ബാഹുല്യം കുറയ്ക്കാനും ചെലവ് നിയന്ത്രിക്കാനും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവില്‍ കുറവ് വരുത്താനും ചരക്കുകള്‍ സമയത്ത് എത്തിക്കാനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
65 ലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്ന ഉള്‍നാടന്‍ തുറമുഖമായി കോട്ടയം മാറി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് സമീപം വിപുലമായ റോഡ്- റെയില്‍- ഉള്‍നാടന്‍ ജലപാതയുമായി ബന്ധമുള്ള കോട്ടയം തുറമുഖത്തിനോടനുബന്ധിച്ച് ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ക്ക് വലിയ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. തുറമുഖ രംഗത്തെ പരിശീലനം, വിദ്യാഭ്യാസം എന്നിവയ്ക്കായി നീണ്ടകര, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ മാരി ടൈം ബോര്‍ഡിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമം നടക്കുകയാണ്. ഇതിനായി ധാരണപത്രമായിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്കായി ഹൗസ് ബോട്ടുകളെ മാറ്റാന്‍ ശ്രദ്ധാപൂര്‍വ്വമായ ഇടപെടല്‍ മാരി ടൈം ബോര്‍ഡ് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂര്‍-ലക്ഷദ്വീപ് ചരക്ക് ഗതാഗതത്തിനായുള്ള പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെ നടന്നുകൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപുമായുള്ള ചരക്ക് യാത്ര ഗതാഗതം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തിന് നടപടികള്‍ ആരംഭിച്ചു. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് യാത്രാ കപ്പലുകള്‍ ആരംഭിക്കാനുള്ള സാധ്യത യാഥാര്‍ഥ്യമാക്കേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സമുദ്രതീരം ഏതാണ്ട് 590 കിലോമീറ്റര്‍ ആണ്. ഇതില്‍ 87 കിലോമീറ്റര്‍ തുറമുഖത്തിനായി പ്രഖ്യാപനം നടത്തിയ മേഖലയാണ്. ഈ മേഖലയെ കേന്ദ്രീകരിച്ച് സമുദ്രാധിഷ്ഠിത വ്യവസായങ്ങള്‍ ഉള്‍പ്പെടെ എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതില്‍ അഭിപ്രായ രൂപീകരണം ഉണ്ടാക്കാനുള്ള സാഹചര്യമാണ് സെമിനാര്‍ വഴിയൊരുക്കുന്നത്. സമുദ്രാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് അഴീക്കലിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ദീര്‍ഘവീക്ഷണത്തോടെ അഴീക്കല്‍ തുറമുഖം സെമിനാറിനുള്ള വേദിയാക്കിയതെന്നും മന്ത്രി പറഞ്ഞു.
'വിഷന്‍ 2031' തുറമുഖ വകുപ്പിന്റെ നയരേഖ സമര്‍പ്പണവും മന്ത്രി വി.എന്‍ വാസവന് നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും നടന്നു. കെ.വി സുമേഷ് എം എല്‍ എ അധ്യക്ഷനായി. ഉദ്ഘാടന ചടങ്ങിൽ മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി (റിട്ട.) ജെയിംസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. തുറമുഖ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബി അബ്ദുള്‍ നാസര്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, മുന്‍ എം എല്‍ എയും കേരളാ മാരിടൈം ബോര്‍ഡ് അംഗവുമായ എം. പ്രകാശന് മാസ്റ്റര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments