എഴുപുന്ന കുടുംബാരോഗ്യകേന്ദ്രം ഇനിമുതൽ പട്ടണക്കാട് ബ്ലോക്ക് പൊതുജനാരോഗ്യകേന്ദ്രം
*ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു
എഴുപുന്ന കുടുംബാരോഗ്യകേന്ദ്രത്തെ പട്ടണക്കാട് ബ്ലോക്ക് പൊതുജനാരോഗ്യകേന്ദ്രമാക്കി ഉയർത്തി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങ് ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ പ്രധാന ആരോഗ്യകേന്ദ്രമെന്നനിലയിൽ കൂടുതൽ ചികിത്സ സൗകര്യങ്ങൾ എഴുപുന്ന ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്നും സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ സംവിധാനങ്ങൾ ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പൊതുജനാരോഗ്യകേന്ദ്രമായി ഉയർത്തിയതോടെ ആധുനിക ലബോറട്ടറി, സായാഹ്ന ഒ.പി, കൂടുതൽ ചികിത്സ സൗകര്യങ്ങൾ തുടങ്ങിവ ഉടൻതന്നെ ആശുപത്രിയിൽ സജ്ജമാകും. കഴിഞ്ഞ ദിവസം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ എക്സ് റേ സംവിധാനം സ്ഥാപിച്ചു നൽകിയിരുന്നു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മേരി ടെൽഷ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആർ ജീവൻ, എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രദീപ്, വൈസ് പ്രസിഡന്റ് ഡോ. ശ്രീലേഖ അശോക്, ബ്ലോക്ക് പഞ്ചായത്തംഗം പി പി അനിൽകുമാർ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി കെ മധുക്കുട്ടൻ, മെഡിക്കൽ ഓഫീസർ രഞ്ജിത്ത് മോനായി, ഹെൽത്ത് സൂപ്രണ്ട് നവീൻ കുമാർ, വി ജി മനോജ്, പി എസ് സുജിൻ, എം ടി സുബ്രഹ്മണ്യൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments