Skip to main content

കില ക്യാമ്പസില്‍ ജില്ലാ സ്റ്റേഡിയം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവയ്ക്ക് 45 കോടിയുടെ ടെണ്ടര്‍

 

കിഫ്ബിയുടെ രജതജൂബിലി വര്‍ഷത്തില്‍ കിലക്യാമ്പസില്‍ നിര്‍മിക്കുന്ന ജില്ലാ സ്റ്റേഡിയത്തിനും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനുമായി രണ്ടുഘട്ടമായി 45 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു. നേരത്തെ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ (എസ്‌കെഎഫ്) സമര്‍പ്പിച്ച വിശദപദ്ധതി രേഖയ്ക്ക്കിഫ്ബി അംഗീകാരം നല്‍കിയിരുന്നു. ഇതിന് എസ്‌കെഎഫിന്റെ സാങ്കേതികാനുമതിയുംലഭ്യമായതോടെയാണ് ടെണ്ടര്‍ ക്ഷണിച്ചത്. ടെണ്ടര്‍ കാലാവധിയായ രണ്ടുവര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍ദേശം നല്‍കി.നടപടികള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം കോംപ്ലക്സ് നിര്‍മാണപ്രവൃത്തി ഉദ്ഘാടനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

കരിമ്പത്തെ ക്യാമ്പസില്‍ നിര്‍മിക്കുന്ന അക്കാദമിക് കോളേജിനോട് ചേര്‍ന്നുള്ള 10 ഏക്കര്‍ സ്ഥലമാണ് സ്റ്റേഡിയം നിര്‍മാണത്തിനായി കില കൈമാറിയിരുന്നത്. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് സ്ഥലം കൈമാറല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ലോകോത്തര നിലവാരത്തോടെ ഉയരുന്ന സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ സാധിക്കുന്ന ഫുട്ബോള്‍ സ്റ്റേഡിയം, എട്ട് ലൈന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, പവലിയന്‍ ഗാലറി, ഇന്‍ഡോര്‍ സ്റ്റേഡിയം, കായികതാരങ്ങള്‍ക്ക് വിശ്രമിക്കാനും താമസിക്കാനും 
സൗകര്യമുള്‍പ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവയുണ്ടാകും. സ്റ്റേഡിയത്തിന് ചുറ്റും ഇന്റര്‍ലോക്ക് കട്ടകള്‍ വരിച്ച് മനോഹരമാക്കുന്നതിനൊപ്പം ഫ്‌ലഡ്ലിറ്റുകളും സ്ഥാപിക്കും.

മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ 11.7 കോടി ചെലവില്‍ വിവിധ സ്റ്റേഡിയങ്ങള്‍ സജ്ജമായികൊണ്ടിരിക്കുന്നു. ഇന്‍ഡോര്‍ കോര്‍ട്ട്, ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്ന കില സ്റ്റേഡിയം വിവിധ കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്നതോടെ ഈ മേഖലയിലെ കായിക താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും വലിയ സാധ്യതകള്‍ തുറക്കും. ദേശീയ മത്സരങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നതോടെ തളിപ്പറമ്പിലെഅടിസ്ഥാന വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുംവലിയ മുതല്‍കൂട്ടാകുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.

date