പദ്ധതി തുക വിനിയോഗത്തില്‍ ജില്ല സംസ്ഥാനത്ത് ഒന്നാമത്: മൂന്ന് പഞ്ചായത്തുകളുടെ 2019-20 ലെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം.
പദ്ധതി തുകവിനിയോഗത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിക്കുന്നതിലും സംസ്ഥാനത്തിന് മാതൃകയാവുകയാണ് പത്തനംതിട്ട ജില്ല. 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുകയുടെ 49.59% വിനിയോഗിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് പത്തനംതിട്ട ജില്ല. തൊട്ടുപിന്നില്‍ കണ്ണൂര്‍ ജില്ലയാണ് 49.40%. 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി അംഗീകാരത്തിലും ജില്ലയ്ക്ക് അഭിമാനാര്‍ഹമായ നേട്ടം. തിരുവനന്തപുരം ജില്ലയ്ക്ക് ശേഷം സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷത്തെ വാര്‍ഷികപദ്ധതി അംഗീകരിക്കുന്ന രണ്ടാമത്തെ ജില്ലയായി പത്തനംതിട്ട മാറി. റാന്നി, ചെന്നീര്‍ക്കര, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാആസൂത്രണസമിതി യോഗം അംഗീകാരം നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് വളരെ നേരത്തെ അംഗീകാരം തേടിയ ഈ ഗ്രാമപഞ്ചായത്തുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് റാന്നി ചെന്നീര്‍ക്കര കല്ലൂപ്പാറ ഗ്രാമപഞ്ചായത്തുകളുടേതെന്ന് പ്രസിഡന്റ് പറഞ്ഞു.ജില്ലാ ആസൂത്രണസമിതിക്ക് വേണ്ടിയുള്ള കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് എട്ട് കോടിയില്‍ അധികം രൂപ ആവശ്യമാണ്. ഇതില്‍ ആറുകോടിയോളം രൂപയാണ് നിലവിലുള്ളത്. ബാക്കി തുക സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതിന് ജില്ലാ പ്ലാനിംഗ് സമിതിയുടെ പ്രത്യേക അഭ്യര്‍ത്ഥന സര്‍ക്കാരിലേക്ക് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയുടെ ഭേദഗതിക്കും ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 15 ആണെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ആസൂത്രണസമിതി അംഗങ്ങളായ ജോര്‍ജ്ജ് മാമ്മന്‍ കോണ്ടൂര്‍, ലീലാമോഹന്‍, എലിസബത്ത് അബു, കെ.ജി അനിത , ബി.സതികുമാരി, ആസൂത്രണസമിതിയിലെ സര്‍ക്കാര്‍ നോമിനി അഡ്വ.എന്‍.രാജീവ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, വിവിധ തദ്ദേശ ഭരണഭാരവാഹികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 4005/18)
- Log in to post comments