Skip to main content

ഉന്നതി-വിജ്ഞാനകേരളം' ശില്പശാല നടത്തി

പട്ടിക വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ മുഴുവന്‍ യുവജനങ്ങള്‍ക്കും മികച്ച തൊഴില്‍ ഉറപ്പാക്കുന്നതിനായി പട്ടിക ജാതി-പട്ടികവര്‍ഗ വികസനവകുപ്പുകളും വിജ്ഞാനകേരളവും സംയുക്തമായി നടപ്പിലാക്കുന്ന 'ഉന്നതി' തൊഴില്‍ പദ്ധതിക്ക് കീഴില്‍ താനൂര്‍ ഗവ. ഐടിഐയില്‍ ഏകദിന ശില്പശാല നടത്തി.

വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഹേമലത ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.പി. ഷാജി അധ്യക്ഷനായി. പട്ടികജാതി വകുപ്പ് ഉത്തരമേഖലാ ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ് മുഖ്യാതിഥിതിയായി. പ്രിന്‍സിപ്പല്‍ ജയരാജ് സ്വാഗതം ആശംസിച്ചു. കെ-ഡിസ്‌ക് അസോസിയേറ്റ് ഡയറക്ടര്‍ സിബി അക്ബര്‍ അലി, പ്രോഗ്രാം മാനേജര്‍ പി.കെ പ്രിജിത്ത്, ഐ.ടി.ഐ. ഫാക്കല്‍റ്റി ശ്യാമള, പൂര്‍വവിദ്യാര്‍ഥി എം. ഷൈന്‍, എസ്.ആര്‍. അരവിന്ദ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ ഐ.ടി.ഐകളിലെയും പഠനം പൂര്‍ത്തിയാക്കിയവരുമായ നൂറിലധികം തൊഴിലന്വേഷകര്‍ ശില്പശാലയില്‍ പങ്കെടുത്തു.

ഐ.ടി.ഐ, പോളിടെക്നിക്, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി 2025 ഡിസംബറിനകം 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ആദ്യഘട്ട ലക്ഷ്യം. ഇതില്‍ കേരളത്തിനകത്തും പുറത്തുമുള്ള ജോലികള്‍, ഇന്റേണ്‍ഷിപ്പ്, അപ്രന്റീസ്ഷിപ്പ്, വിദേശ തൊഴിലവസരങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.

ഇതിനുപുറമെ, 2026 മാര്‍ച്ച് 31-നകം മറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരെക്കൂടി ഉള്‍പ്പെടുത്തി 10,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. തൊഴില്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ ഇന്റര്‍വ്യൂവിനുള്ള തയ്യാറെടുപ്പുകള്‍, ഇംഗ്ലീഷ് ഭാഷാപരിശീലനം, വ്യക്തിത്വ വികസന പരിപാടികള്‍, ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക നൈപുണ്യ പരിശീലനം എന്നിവ നല്‍കിയാണ് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യഘട്ട വിജയത്തിനായി, സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളിലും നിലവില്‍ പഠിക്കുന്നവരും പഠനം പൂര്‍ത്തിയാക്കിയവരുമായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ എല്ലാ തൊഴിലന്വേഷകരും 'ഉന്നതി-വിജ്ഞാനകേരളം' പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനുള്ള സൗകര്യം അതാത് ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ ഐ.ടി.ഐ-കളില്‍ ഒരുക്കിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ ഡിസ്‌ക്) സംരംഭമായ വിജ്ഞാനകേരളമാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. വിജ്ഞാനസമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

date