ജനങ്ങളോടൊപ്പം ജനങ്ങൾക്ക് വേണ്ടി കരുതലോട് കൂടി നിൽക്കുന്ന സർക്കാരാണിത്: മന്ത്രി എ. കെ ശശീന്ദ്രൻ
റവന്യു-വനം വകുപ്പുകളുടെ വനഭൂമി ജോയിന്റ് വെരിഫിക്കേഷൻ സംസ്ഥാനതല ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ആദ്യ ദിവസങ്ങളിൽ നിർണായകമായ തീരുമാനം എടുത്തത് പോലെ തന്നെ അവകാശികളായ എല്ലാവർക്കും ഭൂമി , എല്ലാവർക്കും വീട്, എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും തൊഴിൽ എന്ന നിലപാടാണ് സ്വീകരിച്ചത് എന്ന് മന്ത്രി പറഞ്ഞു. ജനങ്ങളോടൊപ്പം ജനങ്ങൾക്ക് വേണ്ടി കരുതലോട് കൂടി നിൽക്കുന്ന ഒരു സർക്കാരാണിതെന്നും അതിന്റെ ഏറ്റവും ഒടുവിലത്തേതാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിച്ചു. വനഭൂമി പട്ടയ വിതരണത്തിന്റെയും റവന്യൂ - വനം വകുപ്പ് സംയുക്ത പരിശോധനയുടെയും നടപടികളുടെ നാൾവഴികളെ കുറിച്ചും മുന്നോട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു.
എ. സി മൊയ്തീൻ എം എൽ എ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സ്വാഗതവും തൃശ്ശൂർ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ കെ.ജെ. മാർട്ടിൻ ലോവൽ നന്ദിയും പറഞ്ഞു.
1977 ജനുവരി ഒന്നിന് വനഭൂമി കൈവശം വച്ച് വരുന്നവരിൽ നാളിതുവരെ ജോയിൻ്റ് വെരിഫിക്കേഷൻ നടത്താത്തതും നേരത്തെ വില്ലേജ് ഓഫീസ് മുഖാന്തരം വിവര ശേഖരണം നടത്തിയതുമായ 9355 ഓളം അപേക്ഷകളിൽ ജോയിൻ്റ് വെരിഫിക്കേഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് വനഭൂമി ജോയിന്റ് വെരിഫിക്കേഷൻ നടത്തുന്നത്.
"എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്‌മാർട്ട്" എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ റവന്യൂ വകുപ്പ് ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട്. റവന്യൂ വകുപ്പ് നടപ്പിലാക്കിയ പട്ടയ മിഷനും പട്ടയ അസംബ്ലിയും ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് കരുത്ത് കൂട്ടി. മലയോര മേഖലയിലെ ജനങ്ങളുടെ പട്ടയ വിഷയത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി നിരവധി പേർക്ക് പട്ടയം നൽകുന്നതിന് വകുപ്പിന് സാധിച്ചു. നാളിതുവരെ 6,723 പേർക്ക് (1793.6294 ഹെക്ടർ ഭൂമി) വനഭൂമി പട്ടയം നൽകിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തംഗം കെ. വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. രമേഷ്, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി അനിത, ഗ്രാമപഞ്ചായത്തംഗങ്ങളായ ആരിഫ റാഫി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. ആടലരശൻ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ എം.കെ രഞ്ജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എൽ. ജോയ്, വി. സി സുജിത്ത്, എം. എം അവറാച്ചൻ, മാത്യു നൈനാൻ, സനിൽ വാണിയംപാറ, കെ. എ അബൂബക്കർ, ജിനേഷ് പീച്ചി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments