Skip to main content

സോളാർ ഫെൻസിങ്ങ് ഒരുക്കി മാടക്കത്തറ ഗ്രാമപഞ്ചായത്ത്

 

മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ സോളാർ ഫെൻസിങ്ങിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. ഏറ്റവും ചെറിയ സമയത്തിനുള്ളിൽ സർക്കാരിന്റെ ഫണ്ടും എം.എൽ.എ ഫണ്ടും സി.എസ്.ആർ ഫണ്ടും വിനിയോഗിച്ചുകൊണ്ട് നിയോജകമണ്ഡലത്തിൽ ആവശ്യമായ പൂർണമായ ഫെൻസിങ് നടപ്പിലാക്കുന്നതിനുള്ള ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഫെൻസിങ് കൊണ്ടുവരുക എന്ന വളരെ ഗൗരവമുള്ള ഒരു പ്രശ്നത്തിലാണ് വനം വകുപ്പ് അതിന്റെ ശ്രദ്ധേയമായിട്ടുള്ള ഇടപെടൽ നടത്തിയിട്ടുള്ളതെന്നും കാട്ടാന ശല്യം നേരിടുന്ന കുതിരാൻ മേഖലയിലെ 74 അംഗ കുടുംബങ്ങളിൽ ആരെങ്കിലും ഒരാൾ ഒറ്റപ്പെട്ടാൽ അവരെ വീട്ടിൽ എത്തിക്കുന്നതടക്കം വളരെ മാതൃകാപരമായ നടപടിയാണ് വനം വകുപ്പ് കൈക്കൊള്ളുന്നതെന്ന് ഈ ഘട്ടത്തിൽ പ്രത്യേകമായി പറയുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

 

കേരള സർക്കാർ ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി മേലിലം മുതൽ നിന്നുകുഴി വരെയാണ് 8.5 കിലോമീറ്റർ നീളത്തിൽ സോളാർ ഫെൻസിങ് ഒരുക്കിയിട്ടുള്ളത്. 

 

ചടങ്ങിൽ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ മാർട്ടിൻ ലോവൽ മുഖ്യാതിഥിയായി. 

 

മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജെയ്മ‌ി ജോർജ്, സുകന്യ ബൈജു, പട്ടിക്കാട് റെയ്ഞ്ച് ഓഫീസർ എ.സി പ്രജി തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു.

date