കുപ്പം-പാറമ്മേൽക്കടവ്-മുതുകുട-കാവുങ്കൽ റോഡ് ഉദ്ഘാടനം ചെയ്തു
പട്ടുവം ഗ്രാമപഞ്ചായത്തിലെ കുപ്പം-പാറമ്മേൽക്കടവ്-മുതുകുട-കാവുങ്കൽ റോഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാവുങ്കലിൽ നടന്ന പരിപാടിയിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായി.
മുതുകുടയിൽ നിന്ന് ആരംഭിച്ച് കാവുങ്കലിൽ അവസാനിക്കുന്ന 1.550 കി.മീ റോഡിന്റെ മെക്കാഡം ടാറിംഗ് പ്രവൃത്തിക്കായി സംസ്ഥാന സർക്കാർ 2.5 കോടി രൂപയാണ് അനുവദിച്ചത്. നിലവിലെ വീതി 3.80 മീറ്ററിൽ നിന്നും 5.50 മീറ്ററായി വർധിപ്പിച്ചാണ് ടാറിംഗ് ചെയ്തത്. ഓവുചാൽ, രണ്ടു പുതുക്കിപ്പണിഞ്ഞ കലുങ്കുകൾ, റോഡിന്റെ ഇരുവശങ്ങളിലും ഷോൾഡർ കോൺക്രീറ്റ് കരിങ്കൽ സംരക്ഷണ ഭിത്തി, റിഫ്ളക്ടീവ് റോഡ് മാർക്കിംഗ്, സൂചക ബോർഡുകൾ ഉൾപ്പെടെ മറ്റ് റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.
പൊതുമരാമത്ത് അസി. എഞ്ചിനീയർ എ.എ ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, വൈസ് പ്രസിഡന്റ് വി.വി രാജൻ, സ്ഥിരംസമിതി അംഗങ്ങളായ ആനക്കീൽ ചന്ദ്രൻ, എം സീനത്ത്, പഞ്ചായത്ത് അംഗം പി അജിത് കുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, സംഘാടക സമിതി കൺവീനർ ടി.വി പ്രേമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ദാമോദരൻ, പി.പി സുബൈർ, ടി.വി ചന്ദ്രശേഖരൻ, ടി ഗോപി എന്നിവർ സംസാരിച്ചു.
- Log in to post comments