മെഷിണറികളുടെ പ്രദർശനവും പരിചയപ്പെടുത്തലും
കാർഷിക യന്ത്രവത്കരണ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ജില്ലാപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മെഷിണറികളുടെ പ്രദർശനവും പരിചയപ്പെടുത്തലും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
കുറുമാത്തൂർ ഐ.ടി.ഐയിലെ വിദ്യാർഥികൾ വികസിപ്പിച്ച കസാവ മൗണ്ട് ഫോർമർ, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ നിർമിച്ച റോബോട്ടിക് ഫാം ക്ലീനിംഗ് എക്യുപ്മെന്റ്സ് എന്നിവയാണ് പ്രദർശനത്തിനുണ്ടായത്. കപ്പയ്ക്ക് കൂടം കൂട്ടുന്ന മെഷീനാണ് കസാവ മൗണ്ട് ഫോർമർ. ഒരാൾക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഈ യന്ത്രത്തിന് മണിക്കൂറിൽ അഞ്ച് ലിറ്റർ ഡീസലാണ് ആവശ്യം. ആഴത്തിൽ മണ്ണ് ഇളക്കുന്നത് കൊണ്ട് കൂടുതൽ വിളവും ലഭിക്കും. മഞ്ഞൾ, ഇഞ്ചി മുതലായ കൃഷികൾക്ക് ആവശ്യമായ ഉയരത്തിലും വീതിയിലുമുള്ള ബണ്ട് നിർമിക്കാനും സാധിക്കും. നെൽകൃഷിക്കാവശ്യമായി കണ്ടം പൂട്ടുന്നതിനും ഈ യന്ത്രം ഉപയോഗിക്കാം.
മനുഷ്യന്റെ സഹായമില്ലാതെ കന്നുകാലി ഫാമുകൾ വൃത്തിയാക്കുക, തൊഴിലാളികളുടെ ജോലിഭാരം കുറക്കുക, ഫാമുകളിൽ ശുചിത്വം ഉറപ്പാക്കി രോഗങ്ങൾ തടയുക എന്നീ ലക്ഷ്യങ്ങളോടെ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ നിർമിച്ച റോബോട്ടിക് ഫാം ക്ലീനിംഗ് എക്യുപ്മെന്റ്സ് പ്രവർത്തിക്കുന്നത് ലിഡാർ നാവിഗേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ജില്ലാ കാർഷിക വകുപ്പാണ് ഈ നൂതന പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയത്.
ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ യു.പി ശോഭ അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി രമ്യ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.കെ സുരേഷ്ബാബു, അഡ്വ. ടി സരള, എൻ.വി ശ്രീജിനി, അംഗങ്ങളായ തോമസ് വെക്കത്താനം, സെക്രട്ടറി റ്റൈനി സൂസൺ ജോൺ എന്നിവർ പങ്കെടുത്തു.
- Log in to post comments