Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്   മാധ്യമപെരുമാറ്റചട്ടവും കര്‍ശനം - ജില്ലാ കലക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളും നിശ്ചിത പെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശിച്ചു. ജില്ലാതല മീഡിയ റിലേഷന്‍സ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷതവഹിക്കവെ കര്‍ശനനിരീക്ഷണത്തിനും തുടര്‍നടപടികളും സ്വീകരിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറായ സമിതിയെ ചുമതലപ്പടുത്തി.
വോട്ടെടുപ്പിന്റെ സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതും ബാധിക്കുന്നതുമായ പ്രചാരണം പാടില്ല. പ്രത്യേക രാഷ്ട്രീയകക്ഷിക്കോ സ്ഥാനാര്‍ഥിക്കോ അനുകൂലമോ പ്രതികൂലമോ ആയ എക്‌സിറ്റ്‌പോള്‍ നടത്തുന്നതും ഫലം പ്രസിദ്ധീകരിക്കുന്നതും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ വിലക്കുണ്ട്.
പെരുമാറ്റചട്ടം നിലവില്‍ വന്നതുമുതല്‍ കേബിള്‍ നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ടെലിവിഷന്‍ ചാനലുകള്‍ക്കായി ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കംപ്ലയിന്റ് കൗണ്‍സില്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അച്ചടി മാധ്യമങ്ങള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളാണ് പാലിക്കേണ്ടത്. തിരഞ്ഞെടുപ്പ് സംപ്രേഷണത്തിന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി മാര്‍ഗനിര്‍ദേങ്ങള്‍ പാലിക്കുകയും വേണം.
ആധുനിക സാങ്കേതികവിദ്യകളിലൂടെ വ്യാജചിത്രങ്ങളും ശബ്ദസന്ദേശങ്ങളും തെറ്റായവിവരങ്ങളും നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഡീപ്‌ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവയ്ക്കും നിയന്ത്രണമുണ്ട്. ഡീപ്‌ഫേക്ക് വിഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നതും പൂര്‍ണമായും വിലക്കിയിട്ടുണ്ട്.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റംവരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും എ.ഐ ജനറേറ്റഡ്, ഡിജിറ്റലായി എന്‍ഹാന്‍സ്ഡ്, സിന്തറ്റിക് കണ്ടന്റ് എന്നീ ലേബലുകള്‍ ഉള്‍പ്പെടുത്തണം. വിഡിയോ സ്‌ക്രീനിന് മുകളിലായി കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ, ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റ ഡേറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.
ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും പൂര്‍ണമായും നിരോധിച്ചു. ഇത്തരം ഉള്ളടക്കം കണ്ടെത്തിയാല്‍ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം, സ്രഷ്ടാവിന് മുന്നറിയിപ്പും നല്‍കണം. എ.ഐ നിര്‍മിതികളുടെ വിവരങ്ങളെല്ലാം രാഷ്ട്രീയകക്ഷികള്‍ സൂക്ഷിക്കുകയും വേണം എന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
മീഡിയ റിലേഷന്‍സ് കമ്മിറ്റി കണ്‍വീനര്‍ എല്‍. ഹേമന്ത് കുമാര്‍, അംഗങ്ങളായ ഐ ആന്റ് പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, ലോ ഓഫീസര്‍ എസ്. എസ്. അരുണ്‍കുമാര്‍, മാധ്യമ വിദഗ്ധരായ കെ. രാജന്‍ ബാബു, ഇഗ്നേഷ്യസ് പെരേര എന്നിവര്‍ പങ്കെടുത്തു.
 

 

date