മാതൃകാ പെരുമാറ്റചട്ടം കൃത്യതയോടെ പാലിക്കണം - ജില്ലാ കലക്ടര്‍
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മാതൃകാപെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പിന്റെസമയക്രമം പ്രഖ്യാപിച്ച തീയതിമുതല്‍ നിലവില്‍വന്ന മാതൃക പെരുമാറ്റചട്ടം തിരഞ്ഞെടുപ്പ്പ്രക്രിയ പൂര്ത്തിയാകുന്നത്വരെ നിലനില്ക്കും. എല്ലാ സ്ഥാപനങ്ങളിലും മാതൃകാപെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
പരസ്പരവിദ്വേഷത്തിനിടയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടരുത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഒഴിവാക്കണം. ജാതി-മതാടിസ്ഥാനത്തില്‍ വോട്ട് തേടരുത്. ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ പ്രചരണത്തിന് വേദിയാക്കരുത്. വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനുവാദമില്ലാതെ പ്രചാരണവസ്തുക്കള്‍ സ്ഥാപിക്കരുത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസരത്തും പോസ്റ്റര്‍, ബാനര്‍, കട്ട്ഔട്ട് എന്നിവ സ്ഥാപിക്കരുത്. പൊതുയോഗങ്ങള്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കണം. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ പരിശീലനകേന്ദ്രങ്ങളിലും വരണാധികാരികളുടെ കാര്യാലയങ്ങളിലും സമര്‍പ്പിക്കാം.
ഹരിത പെരുമാറ്റചട്ടവും നിര്‍ബന്ധം
തദ്ദേശതിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക. തദ്ദേശസ്വയംഭരണവകുപ്പ്, കുടുംബശ്രീ, ഹരിതകര്‍മ്മസേന, ശുചിത്വമിഷന്, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. പരിസ്ഥിതിസൗഹൃദമായ സാമഗ്രികളാണ് പ്രചരണത്തിനായി ഉപയോഗിക്കേണ്ടത്. പ്ലാസറ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. കോട്ടണ്‍തുണി, പേപ്പര്‍, പോളിഎത്തിലീന്‍ തുടങ്ങിയവ ഉപയോഗിക്കാം. തിരഞ്ഞെടുപ്പിന് ശേഷം എല്ലാ രാഷ്ട്രീയകക്ഷികളും തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നീക്കംചെയ്ത് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറണം എന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
- Log in to post comments