Skip to main content

തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥക്രമീകരണം പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍

തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. സിവില്‍സ്റ്റേഷനിലെ ഐ.ടി ഹാളില്‍ അന്തിമ ഉദ്യോഗസ്ഥവിന്യാസക്രമീകരണംനടത്തി അതത് ഇടങ്ങളിലേക്കുള്ളവരെ നിയോഗിച്ചു. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന വിവിധകാരണങ്ങളാല്‍ ഒഴിവാക്കുന്നതിന് അപേക്ഷിച്ചവരിലെ അര്‍ഹരായവരെ മാറ്റിനിര്‍ത്തിയാണ് അന്തിമപട്ടിക. ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056  ഉദ്യോഗസ്ഥരെയാണ്  ചുമതലപ്പെടുത്തിയിട്ടുള്ളത്.
3264 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6528 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.  4016  പുരുഷന്മാരും   9040  സ്ത്രീകളുമുണ്ട്. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. ഡിസംബര്‍ നാല് മുതല്‍ ഉദ്യോഗസ്ഥര്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും ഇ-ഡ്രോപ്പ് വെബ്‌സൈറ്റിലൂടെ https://www.edrop.sec.kerala.gov.in  വിവരങ്ങള്‍ ലഭ്യമാകും. ഓരോരുത്തര്‍ക്കും അനുവദിച്ച ബൂത്ത്, വിതരണ-സ്വീകരണകേന്ദ്രങ്ങളുടെ വിവരങ്ങള്‍, ഉദ്യോഗസ്ഥര്‍ എത്തിച്ചേരേണ്ടസമയം തുടങ്ങി വിശദവിവരങ്ങളുണ്ടാകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള റിസര്‍വ് വിഭാഗത്തില്‍  2176  ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 16 വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. തിരഞ്ഞെടുപ്പ് ക്ലാസുകളിലെ നിര്‍ദേശങ്ങളെല്ലാം പാലിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ടുമാരായ രമേഷ് മാധവന്‍, കെ. സുരേഷ്, എന്‍ ഐ സി ഓഫീസര്‍ പി.എസ് സുമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date