Skip to main content
..

ഇന്ന് (ഡിസംബര്‍ 9)  പോളിംഗ് ബൂത്തിലേക്ക്; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ സുസജ്ജമെന്ന് ജില്ലാ കലക്ടര്‍

ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കുറ്റമറ്റരീതിയില്‍ സജ്ജമാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. ജില്ലയിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സംവിധാനങ്ങളെല്ലാം വിലയിരുത്തി.  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി വീഡിയോഗ്രഫിക്കായി സ്ഥാനാര്‍ത്ഥികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ 61 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തി. ബസുകളും, മിനി ബസുകളും, കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1161 വാഹനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സജ്ജമാക്കിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
രാവിലെ ആറിന് അതത് പോളിംഗ്‌സ്റ്റേഷനുകളില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്‌പോളിംഗ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.
തിരഞ്ഞെടുപ്പ് സുരക്ഷിതവും സുഗമവുമായി നടത്തുന്നതിന് ജില്ലയില്‍ 5136 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു. സിറ്റിയില്‍ 8 ഡി.വൈ.എസ്.പിമാര്‍ 33 ഇന്‍സ്പെക്ടര്‍മാര്‍, 173 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1781 സിവില്‍  പോലീസ് ഓഫീസര്‍മാര്‍, 414 സ്പെഷ്യല്‍  പോലീസ്  ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. റൂറല്‍ മേഖലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ 237  പോലീസ്  ഉദ്യോഗസ്ഥരെയും ഇലക്ഷന്‍ സബ് ഡിവിഷനുകളില്‍ 96 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
വോട്ടുചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍രേഖയായി ഉപയോഗിക്കാം.

പോളിംഗിനുശേഷം സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും. ഇതേകേന്ദ്രങ്ങളില്‍ ഡിസംബര്‍ 13ന് വോട്ടെണ്ണല്‍. പൂര്‍ണ്ണമായും  ഹരിതചട്ടം പാലിച്ചായിരിക്കും  തിരഞ്ഞെടുപ്പ് നടപടികളെല്ലാം. സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവിഭാഗങ്ങളുടേയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
   
 

date