Skip to main content

വോട്ട് പഠിക്കാൻ വോട്ട് ചെയ്തു കുരുന്നുകൾ

ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ അണിചേർന്ന് അങ്കണവാടി കുരുന്നുകളും. തൃക്കാക്കര നഗരസഭയിലെ മൂലേപ്പാടം വാർഡിലെ 47-ാo നമ്പർ അങ്കണവാടി കുരുന്നുകളാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ അനുകരിച്ച് 

 വോട്ട് ചെയ്തത്. നേരത്തെ കുട്ടികൾ തന്നെ സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പ് പ്രചാരണവും നടത്തിയിരുന്നു. അതിൻ്റെ തുടർച്ചയായിട്ടായിരുന്നു കുട്ടി തിരഞ്ഞെടുപ്പ് നടന്നത്.

 

പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസറും ബൂത്ത് ഏജൻ്റുമാരും വോട്ടർമാരുമെല്ലാം മൂന്ന് വയസ് പ്രായമുള്ള കുരുന്നുകളായിരുന്നു. ഏഴ് പേരായിരുന്നു " തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായത്. ഫാത്തിമ അമാൽ പ്രിസൈഡിംഗ് ഓഫീസറായപ്പോൾ ലൂക്ക ജോസ് പോളിംഗ് ഓഫീസറും മുഹമ്മദ് ഐസാം, റബീഉ സമാൻ എന്നിവർ ബൂത്ത് ഏജൻ്റുമാരായി. സൈമ സമാൻ, ലൂക്ക ജോസ്, അനയിഗ എന്നിവരായിരുന്നു വോട്ടർമാർ.

 

സാധാരണ തിരഞ്ഞെടുപ്പിലേത് പോലെ സ്ലിപ്പുകളും, ബാലറ്റും തുടങ്ങി വോട്ടർമാരുടെ ചൂണ്ടു വിരലിൽ തേക്കാൻ മഷി വരെ അധികൃതർ ഒരുക്കിയിരുന്നു. കൗതുകത്തിനൊപ്പം വോട്ടെടുപ്പിൻ്റെ പ്രത്യേകതകളും ആവശ്യകതയും സംബന്ധിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിന് കൂടിയായിരുന്നു കുട്ടി തിരഞ്ഞെടുപ്പ്.

 

അങ്കണവാടി ടീച്ചറായ പി.എം അസ്മ, ഹെൽപ്പറായ സി. നിഷ, വിദ്യാർത്ഥിനികളിലൊരാളുടെ മാതാവായ ലൈല ബീവി എന്നിവരുടെ ആശയം യാഥാർത്ഥ്യമായപ്പോൾ കുട്ടികൾക്കൊപ്പം പ്രദേശവാസികൾക്കും കൗതുക കാഴ്ചയായി.

date