വോട്ടെടുപ്പ് സുഗമം,സമാധാനപരം - ജില്ലാ കലക്ടര്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തികച്ചും സമാധാനപരമായും സുഗമമായും നടത്താനായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ജില്ലയിലെ വിവിധ പോളിംഗ്സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് പോളിംഗ് പുരോഗതി വിലയിരുത്തിയാണ് വ്യക്തമാക്കിയത്. എല്ലായിടത്തും വോട്ടിംഗിനാവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നു. ഉദ്യോഗസ്ഥരുടേയും വോട്ടര്‍മാരുടേയും സഹകരണം കൂടിയായപ്പോള്‍ വോട്ടെടുപ്പ് പ്രക്രിയ സുതാര്യവും സുഗമവുമായി. പ്രായമായവര്‍ക്കും അവശര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പിന്തുണയും സൗകര്യപ്രദവുമായ അന്തരീക്ഷമാണ് ഒരുക്കിയത്. പരമാവധിപേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചതായാണ് വിലയിരുത്തുന്നത്. പോളിംഗ് വിവരങ്ങള്‍ ഉള്‍പ്പടെ വോട്ടിംഗുമായിബന്ധപ്പെട്ട വിവിധക്രമീകരണങ്ങള് വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജമാക്കിയ കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനവും തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പൊതുനിരീക്ഷകന്‍ സബിന്‍ സമീദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ സുമല്‍ കുമാര്‍, ഐ.ടി. മിഷന് ജില്ലാ കോഡിനേറ്റര്‍ ജിതിന്രാജു, സൂപ്രണ്ടുമാരായ രമേഷ് മാധവന്, കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments