പക്ഷിപ്പനി:പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കും
ആലപ്പുഴ ജില്ലയിലെ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി , അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു.
ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തിര യോഗത്തിൽ ഇന്ത്യ ഗവൺമെൻറിൻറെ 2021 ലെ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ ആക്ഷൻ പ്ലാൻ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനമായി. പ്രഭവകേന്ദ്രങ്ങൾക്ക് 1 കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) ദ്രുതകർമ്മ സേനകളും അനുബന്ധ ഒരുക്കങ്ങളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. തകഴി പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ 305 വളർത്തുപക്ഷികളും, കാർത്തികപ്പള്ളി പഞ്ചായത്തിൽ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ (കുമാരപുരം പഞ്ചായത്തിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു) 353 വളർത്തുപക്ഷികളും , കരുവാറ്റ പഞ്ചായത്തിൽ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ 665 വളർത്തുപക്ഷികളും, പുന്നപ്ര സൗത്ത് പഞ്ചായത്തിൽ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ 5672 വളർത്തുപക്ഷികളും, പുറക്കാട് പഞ്ചായത്തിൽ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ 4000 വളർത്തുപക്ഷികളും, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ 4000 വളർത്തുപക്ഷികളും, ചെറുതന പഞ്ചായത്തിൽ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ 4500 വളർത്തുപക്ഷികളും, നെടുമുടി പഞ്ചായത്തിൽ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ 386 വളർത്തുപക്ഷികളും ഉൾപ്പെടെ ഏകദേശം 19881 പക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്. ബന്ധപ്പെട്ട വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച നിർദേശങ്ങളും ജില്ലാ കളക്ടർ നൽകി.
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
പക്ഷികളിൽ അസ്വാഭാവിക കൂട്ട മരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കേണ്ടതാണ്. അസ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ മാസ്ക്, കയ്യുറ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ചത്തപക്ഷികളെ ആഴത്തിൽ കുഴിയെടുത്ത് കുമ്മായം, ബ്ലീച്ചിങ് പൗഡർ മുതലായ അണുനാശിനികൾ ഇട്ട് മൂടേണ്ടതാണ്. പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കേണ്ടതാണ്.
എ ഡി എം ആശാ സി എബ്രഹാം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. പി രാജീവ്, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. മുഹമ്മദ് അഫ്സൽ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുൾഫിക്കർ, വിവിധ വകുപ്പുകുളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments