Skip to main content

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

 

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കടുത്തുരുത്തിയില്‍ തിരി തെളിഞ്ഞു. കടുത്തുരുത്തി വലിയ പളളി പാരിഷ് ഹാളില്‍ അഡ്വ. മോന്‍സ് ജോസഫ്  എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത കല്ലറ എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആര്‍. രാഹുലിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ പുരസ്‌കാരം നല്‍കി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍, ഡോ. കെ. എം. തങ്കച്ചന്‍, കുഞ്ഞുമോന്‍ കെ മേത്തര്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ സെക്രട്ടറി റവ.ഡോ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ. കെ. അരവിന്ദാക്ഷന്‍ സ്വാഗതവും സ്വാഗത കമ്മിറ്റി കണ്‍വീനര്‍ നാസര്‍ മുണ്ടക്കയം കൃതജ്ഞതയും പറഞ്ഞു. രാവിലെ പ്രധാന വേദിയായ കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് എച്ച് എസ് എസ് ഗ്രൗണ്ടില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പതാക ഉയര്‍ത്തി. കടുത്തുരുത്തി ഓപ്പണ്‍ സ്റ്റേജ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് ഫ്‌ളാഗ് ഓഫ് ചെയ്തു.  നാലു ദിവസം നീളുന്ന കലാമേളയില്‍ ജില്ലയിലെ പതിമൂന്ന് സബ്ജില്ലകളില്‍ നിന്ന് വിജയികളായ ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.

date