Skip to main content

എച്ച്‌ഐവി അണുബാധിതരോടു സഹാനുഭൂതി കാട്ടണം - കെ.എം മാണി എം.എല്‍.എ

 

എച്ച്‌ഐവി അണുബാധിതര്‍ പൊതു സമൂഹത്തിന്റെ അവിഭാജ്യ ഘടക മാണെന്നും അവരോടു സഹാനുഭൂതി കാട്ടേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കെ എം മാണി എം.എല്‍.എ പറഞ്ഞു. ലോക എയ്ഡ്‌സ് ദിന പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം സെന്റ് തോമസ് കോളേജില്‍ നിര്‍വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ ആരോഗ്യത്തിനുള്ള  അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അജ്ഞതയും ഭീതിയും മൂലം അവരെ അകറ്റി നിര്‍ത്തുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും അണുബാധ കൂടുതല്‍ പേരിലേക്ക് പടരാന്‍ വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോയ് അബ്രഹാം എം.പി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍  കുര്യാക്കോസ് പടവന്‍,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ ആര്‍ രാജന്‍, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയ് ജോര്‍ജ്, അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ ആലീസ് ജോസ,് ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ടോമി ജോണ്‍, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത്,  കൗണ്‍സിലര്‍ സെലിന്‍ റോയ്, മിനി പ്രിന്‍സ്, വിഹാന്‍ കോ-ഓര്‍ഡിനേറ്റര്‍ ജിജി തോമസ്, സ്പൈസ് വാലി ലയണ്‍സ് പ്രസിഡന്റ് ബാബു നെടുമുടി,  എന്‍സിസി നേവല്‍ ഓഫീസര്‍ പി ഡി ജോര്‍ജ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സിമോന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.  

ദിനാചരണത്തോടനുബന്ധിച്ചു പാലായില്‍ നടന്ന ബോധവത്കരണ റാലി ലയണ്‍സ് ഡിസ്ട്രിക്ട് 318  ബി ഗവര്‍ണര്‍ ജി. വേണുകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു,  നഴ്‌സിംഗ് സ്‌കൂള്‍, കോളേജ് എന്‍ എസ് എസ്, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി 1500ലധികം പേര്‍ പങ്കെടുത്തു. റാലിയില്‍ ദിനാചരണത്തിന്റെ സന്ദേശമുയര്‍ത്തിയ പ്ലക്കാര്‍ഡ്, ഫ്‌ളോട്ടുകള്‍ എന്നിവ അണി നിരന്നു.  

പാലാ  ബ്ലഡ് ഫോറത്തിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ സെന്റ് തോമസ് കോളേജില്‍ നടന്ന സന്നദ്ധ രക്തദാന ക്യാമ്പില്‍ 165 പേര്‍ രക്തം ദാനം ചെയ്തു. അല്‍ഫോന്‍സാ കോളേജില്‍ നടന്ന സ്‌കിറ്റ് മത്സരത്തില്‍ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ കോളേജ്,കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്, അല്‍ഫോന്‍സ കോളേജ് എന്നിവര്‍ വിജയികളായി. റാലിയില്‍ മികച്ച പങ്കാളിത്തത്തിനും കലാരൂപങ്ങള്‍ക്കും മാര്‍ സ്ലീവാ കോളേജ്, കോട്ടയം ഗവണ്മെന്റ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് വിജയം കരസ്ഥമാക്കി. വിജയികള്‍ക്ക് കെ എം മാണി സമ്മാനങ്ങള്‍ വിതരണം ചെയ്തു.  

                                                      (കെ.ഐ.ഒ.പി.ആര്‍-2050/17)

date