സിന്റ ജേക്കബ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ആലങ്ങാട് ഡിവിഷനിൽ നിന്നുള്ള അംഗമായ സിന്റ ജേക്കബ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ സത്യ വാചകം ചൊല്ലികൊടുത്തു.
വരണാധികാരിയും ജില്ലാ കളക്ടറുമായ ജി.പ്രിയങ്കയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്.
യു.ഡി.എഫിലെ ആലങ്ങാട് ഡിവിഷനിൽ നിന്നുള്ള അംഗമായ സിന്റ ജേക്കബ്ബും എൽ.ഡി.എഫിലെ കടമക്കുടി ഡിവിഷനിൽ നിന്നുള്ള മേരി വിൻസെന്റുമായിരുന്നു സ്ഥാനാർത്ഥികൾ. ആകെയുള്ള 28 അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തു. അതിൽ 25 വോട്ടുകൾ സിന്റ ജേക്കബ്ബും 3 വോട്ടുകൾ മേരി വിൻസെന്റും നേടി.
ഒത്തൊരുമയോടെ ജില്ലയ്ക്ക് അഭിമാനകരമായ രീതിയിൽ പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ് എന്നിവർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
- Log in to post comments