മുളയില്‍ വിസ്മയമൊരുക്കി ബാംബൂ ഫെസ്റ്റ്
കൊച്ചി: മുളയുല്‍പന്നങ്ങളുടെ വൈവിധ്യവും വൈജാത്യവും വീണ്ടും വിസ്മയിപ്പിക്കുകയാണ് എറണാകുളം ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം മൈതാനത്തില്‍ ആരംഭിച്ച ബാംബൂ ഫെസ്റ്റില്‍. കളിവസ്തുക്കള്‍ മുതല്‍ തുടരുന്നു പട്ടിക. ഇലക്ട്രിക് ഉപകരണ ഫിറ്റിംഗുകള്‍ മുതല്‍ മുളയരി വിഭവങ്ങള്‍ വരെ ഫെസ്റ്റിലുണ്ട്. കുട്ട, വട്ടി, പായ് തുടങ്ങി പരമ്പരാഗത രീതിയില്‍ നിന്ന് തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ വരെ എത്തിയിരിക്കുന്നു ഫെസ്റ്റിലെ സാമഗ്രികള്‍. മനോഹര പൂക്കളുടെ വസന്തം തന്നെ ബാംബൂ ഫെസ്റ്റില്‍ കാണാം. മുളയുടെ ചീന്തുകളില്‍ നിറം ചാര്‍ത്തി സുന്ദരമാക്കിയ പൂക്കള്‍. ഇതിന് ആവശ്യക്കാരേറെ. അതുപോലെ പതിവു പോലെ കളിപ്പാട്ടങ്ങളും കൗതുക വസ്തുക്കളും ഗൃഹോപകരണങ്ങളും ഭക്ഷ്യ വിഭവങ്ങളും.
വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന കേരള ബാംബൂ ഫെസ്റ്റില്‍ തെലങ്കാന, ആസാം, നാഗാലാന്‍ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളും ഏറെ ആകര്‍ഷകമാണ്. ഫിനിഷിംഗിലും നിറസമന്വയ വ്യത്യാസത്തിലും ഉള്ള പ്രത്യേകതകള്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. ഫെസ്റ്റിലെ അന്താരാഷ്ട്ര സാന്നിധ്യമായ ഭൂട്ടാന്റെ സ്റ്റാളും ഏറെ ആകര്‍ഷകം. തൊപ്പി, ബാഗ്, പഴ്‌സ് തുടങ്ങിയവയുടെ വ്യത്യസ്തമാര്‍ന്ന ശൈലികള്‍ ഇവിടെ പിടിച്ചെടുക്കും.
ഇലക്ട്രിക് ഫിറ്റിംഗ് ഉപകരണങ്ങളുടെ ദൃശ്യങ്ങള്‍ മനോഹരം. പറഞ്ഞറിയിക്കാനാകാത്ത മനോഹാരിത കണ്ടറിഞ്ഞാലേ മനസിലാകൂ. മുളയരിയും ഉല്‍പന്നങ്ങളും വിഭവങ്ങളും ആഭിജാത്യം. മുളയരി ഉണ്ണിയപ്പം, മുളയരി അവുലോസുണ്ട, മുളയരി കുഴലപ്പം, മുളയരി ബിസ്‌കറ്റ് എന്നിങ്ങനെ വിഭവങ്ങള്‍ മേളയിലുണ്ട്. മുളയരി പായസം കഴിക്കാന്‍ നിന്നു തിരിയാനാകാത്ത തിരക്കില്‍ നില്‍ക്കണം.
സംഗീതോപകരണങ്ങള്‍ക്കു മാത്രമായി സ്റ്റാളുമുണ്ട്. ഇവിടെ തീര്‍ത്ത പുല്ലാങ്കുഴലില്‍ സദാ വ്യത്യസ്ത ഗീതികള്‍. ബാഗുകള്‍, മുളത്തൈകള്‍, പേനകള്‍, മതിലില്‍ പതിപ്പിക്കുന്ന കൗതുകവസ്തുക്കള്‍, വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ ..... എന്നിങ്ങനെ പറഞ്ഞു തീരാത്തത്ര ഉല്‍പന്നങ്ങളാണ് ഫെസ്റ്റില്‍. കൂടാതെ ഉല്‍പന്നങ്ങളുടെ ചരിത്രവും പ്രയാണവും വിവരിക്കുന്ന ലൈവ് ക്ലാസുകളുമുണ്ട്.
ഡിസംബര്‍ 31 വരെ രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയും ജനുവരി ഒന്നിനു ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30 വരെയുമാണ് സമയക്രമം. പ്രവേശനം സൗജന്യം.
- Log in to post comments