*കെ.ജി രാധാകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കെ.ജി രാധാകൃഷ്ണൻ. വരണാധികാരിയായ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാൾ നടന്ന തിരഞ്ഞെടുപ്പിലാണ് പാമ്പാക്കുട ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് അംഗമായ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ജില്ലാ കളക്ടർ സത്യ വാചകം ചൊല്ലിക്കൊടുത്തു.
കാലഘട്ടത്തിനനുസരിച്ചുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് പോകുന്നതിന് ഊന്നൽ നൽകുമെന്ന് ചുമതല ഏറ്റ ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അതിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ രാധാകൃഷ്ണൻ സാധാരണ കർഷകത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചു വളർന്നത്. സസ്യശാസ്ത്രത്തിൽ ബിരുദധാരിയാണ്. നാൽപ്പത്തിയേഴുകാരനായ അദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കെ.കെ. ഗോവിന്ദന്റെയും പരേതയായ ലീല ഗോവിന്ദന്റെയും മകനാണ് രാധാകൃഷ്ണൻ. വാരപ്പെട്ടി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ അധ്യാപികയായ പ്രിയ നാരായണനാണ് ഭാര്യ. കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനി കെ.ആർ ദേവനന്ദ, വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗൗതം കൃഷ്ണ എന്നിവർ മക്കളാണ്.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ് എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
- Log in to post comments