Skip to main content

സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ കുറഞ്ഞ ചെലവിൽ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കാൻ കഴിയുന്നുണ്ട് - മന്ത്രി വീണാ ജോർജ്

സർക്കാർ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ സാധിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

 

രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ പിന്തുണയും ചികിത്സയും രോഗിക്ക് ലഭ്യമാക്കാനാണ് ശ്രമം. ഇതിൻ്റെ ഭാഗമായി ഒരു വിദഗ്ധ സംഘം രോഗിയെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു

 

ഒരുപാട് പേരുടെ പരിശ്രമത്തിലൂടെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ സാധ്യമായത്. സൂപ്പർ സ്പെഷ്യലിറ്റി സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ ഓപ്പറേഷൻ തിയറ്റർ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സമർപ്പണമാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു

 

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരം 300 ഓളം പോലീസുദ്യോഗസ്ഥർ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി പ്രവർത്തിച്ചു. ഇതിനായി കേരളം കൈകൾ കോർത്തു. പ്രിയപ്പെട്ട ആ മകൾ ആരോഗ്യവതിയായി ജീവിതത്തിലേക്ക് നടന്നു വരുന്നതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

ടി.ജെ വിനോദ് എം എൽ എ യും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

 

 

 

 

date