ആരോഗ്യം ആനന്ദം-വൈബ് 4 വെൽനെസ് ക്യാമ്പയിൻ* : *ജില്ലാതല പരിപാടി ഇന്ന് (29
പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4വെൽനെസ് ക്യാമ്പയിനു മുന്നോടിയായുള്ള ജില്ലാതല പരിപാടി ഇന്ന് (29.12.2025) കോതമംഗലം എംബിറ്റ്സ് കോളേജിൽ നടക്കും. രാവിലെ 9ന് ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് മുഖ്യാതിഥിയാകും.
പരിപാടിയുടെ ഭാഗമായി ബ്രാൻഡ് ചെയ്ത കെഎസ്ആർടിസി ബസ്സിൽ സജ്ജമാക്കിയ വിളംബര ജാഥ സൈക്കിൾ റാലിയുടെ അകമ്പടിയോടെ രാവിലെ 8ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്നും ആരംഭിച്ച് കോളേജിൽ എത്തിച്ചേരും.
എറണാകുളം, ഇടുക്കി ജില്ലകൾ സംയുക്തമായി വിവിധ പരിപാടികൾ നടത്തും. ജനങ്ങളുടെ ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിന് സമഗ്ര ബോധവൽക്കരണ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി 1ന് തിരുവനന്തപുരത്ത് നടക്കും.
ആരോഗ്യ സൂചകങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ച സംസ്ഥാനമാണ് കേരളം. എന്നാൽ ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവ് ആരോഗ്യ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾക്ക് വെല്ലുവിളിയാണ്. ഈ വെല്ലുവിളികൾ നേരിടാൻ ആരോഗ്യ പ്രവർത്തകരോടൊപ്പം പൊതുജന പങ്കാളിത്തം കൂടി ഉണ്ടാകേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം (Eat Well), പ്രായാനുസൃത വ്യായാമം (Act Well), കൃത്യമായ ഉറക്കം (Sleep Well), ആരോഗ്യ പരിപാലനം (Care Well) എന്നീ 4 ഘടകങ്ങളിൽ ഊന്നിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് യുവജനങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും പ്രചോദനം നൽകുക എന്നതാണ് വൈബ് 4 വെൽനസ്സ് കാമ്പയിൻ ലക്ഷ്യം വയ്ക്കുന്നത്.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങളെയും ഫുഡ് വ്‌ളോഗര്‍മാര്‍, ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാണ വിതരണക്കാര്‍, ഹോട്ടലുകള്‍, ഫിറ്റ്‌നസ് ക്ലബ്ബുകള്‍ എന്നിവരെയും ലക്ഷ്യമിട്ട് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ ഇതിനോടനുബന്ധിച്ച് ജില്ലയിൽ നടത്തും.
പുതുവർഷ ദിനത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രധാന ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക സ്ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കും. ജനകീയ ആരോഗ്യകേന്ദ്രങ്ങളിലും ജനങ്ങളെ പങ്കെടുപ്പിച്ച് വ്യായാമ പരിശീലനം, യോഗ, ബോധവത്കരണ ക്ലാസുകൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആയുഷ്, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, കായികം, യുവജനക്ഷേമം, വനിതാ ശിശുവികസനം തുടങ്ങിയ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുക.
- Log in to post comments