അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ: ജില്ലാതല മെഗാ ക്യാമ്പ് ഇന്ന്
ബാങ്ക് അക്കൗണ്ടുകളിൽ പത്തുവർഷത്തിലേറെയായി ഇടപാടുകൾ നടക്കാതെ കിടക്കുന്ന നിക്ഷേപങ്ങൾ യഥാർത്ഥ ഉടമകൾക്കോ അവകാശികൾക്കോ തിരികെ നൽകുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ന് (ഡിസംബർ 29) ജില്ലാതല മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള ഇൻഫന്റ് ജീസസ് പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ 10 ന് ടി.ജെ. വിനോദ് എം എൽ എ ഉദ്ഘാടനം നിർവഹിക്കും.
ജില്ലയിലെ വിവിധ ബാങ്കുകളിലായി 11.93 ലക്ഷം അക്കൗണ്ടുകളിൽ നിന്നായി 307.69 കോടി രൂപയാണ് നിലവിൽ അവകാശികളില്ലാതെ ശേഷിക്കുന്നത്.പത്തുവർഷത്തിലേറെയായി യാതൊരു ഇടപാടും നടക്കാത്ത അക്കൗണ്ടുകളെയാണ് അവകാശികളില്ലാത്തവയായി പരിഗണിക്കുന്നത്.
നിക്ഷേപകർ മരിച്ചുപോകുകയോ വിദേശത്തേക്ക് പോകുകയോ ചെയ്തത് മൂലമോ, അനന്തരാവകാശികൾക്ക് അക്കൗണ്ടിനെക്കുറിച്ച് അറിവില്ലാത്തത് മൂലമോ ആണ് ഇത്തരം നിക്ഷേപങ്ങൾ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്. ഇത്തരം തുകകൾ അർഹരിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കും.
ജില്ലയിലെ എല്ലാ ബാങ്കുകളുടെയും സഹായ കേന്ദ്രങ്ങൾ ക്യാമ്പിൽ പ്രവർത്തിക്കുന്നതാണ്. കൂടാതെ പൊതുജനങ്ങൾക്ക് ബാങ്കിംഗ് സംബന്ധമായ സംശയങ്ങൾക്കും മറുപടി ലഭിക്കും. ക്യാമ്പിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
- Log in to post comments