Skip to main content

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് # 7 ജലകായിക മാമാങ്കം കൊടിയിറങ്ങി

 

ഇനി കാത്തിരിപ്പ് അടുത്ത വാട്ടര്‍ ഫെസ്റ്റിനായി

ജല, കായിക, സാഹസിക മത്സരങ്ങളുടെ മാമാങ്കമായ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ അഞ്ചിന് സമാപനം. മൂന്നു ദിവസമായി കരയിലും കടലിലും ആകാശത്തും ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത ഫെസ്റ്റില്‍ പങ്കെടുക്കാനും പ്രിയപ്പെട്ടവരുടെ കലാപ്രകടനങ്ങള്‍ കാണാനും ആസ്വദിക്കാനുമായി ബേപ്പൂരിന്റെ മണ്ണിലേക്ക് കോഴിക്കോട് നിന്നും സമീപ ജില്ലകളില്‍ നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ക്രിസ്തുമസ് അവധിക്കാലത്ത് വന്നെത്തിയ ഫെസ്റ്റ് ആഘോഷമാക്കാന്‍ കുടുംബസമേതമാണ് മിക്കവരും എത്തിയത്. ജല സാഹസിക പ്രകടനങ്ങളും മത്സരങ്ങളും ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. ആവേശത്തിന്റെയും ഒത്തൊരുമയുടെയും ഉത്സവം കൊടിയിറങ്ങുമ്പോള്‍ ഇനിയുള്ള കാത്തിരിപ്പ് അടുത്ത ഫെസ്റ്റിനായി. 

മെഗാ ഇവന്റുകള്‍ക്ക് പകരം ഇത്തവണ പ്രാദേശിക കലാകാരരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും കലാപരിപാടികളും
മത്സരങ്ങളും സംഘടിപ്പിച്ചതിലൂടെ പ്രദേശിക പങ്കാളിത്തം ഉറപ്പാക്കാനായത് ഫെസ്റ്റിന് പ്രാദേശിക ഉത്സവ പ്രതീതി നല്‍കി. ബേപ്പൂര്‍ മറീന, ഓഷ്യാനസ് ചാലിയം, നല്ലൂര്‍, രാമനാട്ടുകര ഗവണ്‍മെന്റ് എ.യു.പി സ്‌കൂള്‍, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്മാന്‍ പാര്‍ക്ക് വേദികളിലാണ് കലാപരിപാടികളും സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിച്ചത്. പരിപാടികള്‍ക്കിടെ വിവധ വേദികളിലെത്തി ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യത്യസ്ത മേഖലയിലുള്ളവരെ ആദരിച്ചു. 

രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേളയിലേക്ക് ആദ്യ ദിനം മുതല്‍ തന്നെ ആയിരങ്ങളാണ് എത്തിയത്. വ്യത്യസ്ത വിഭവങ്ങള്‍ വിളമ്പി 80 സ്റ്റാളുകളാണ് ഭക്ഷണപ്രേമികളെ വരവേറ്റത്. ഭക്ഷ്യമേള ഇന്ന്(29) സമാപിക്കും. ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂര്‍ തുറമുഖത്ത് നങ്കുരമിട്ട കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകളുടെ പ്രദര്‍ശനം കാണാനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളെത്തി. അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരം, മാരത്തണ്‍, മലബാറില്‍ ആദ്യമായെത്തിയ ഡ്രാഗണ്‍ ബോട്ട് റേസ്, ചെസ് മത്സരം എന്നിവ യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരക്ക് നിയന്ത്രിക്കാനും വേദിയിലേക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 700 പോലീസുകാരെയാണ് വിന്യസിച്ചത്. ഫയര്‍ഫോഴ്‌സ്, സന്നദ്ധ സേവകര്‍, നാട്ടുകാര്‍ എന്നിവരുടെ സേവനവും ഫെസ്റ്റിനെ കുറ്റമറ്റതാക്കി. കോഴിക്കോട് എന്‍ഐടി വികസിപ്പിച്ച സ്മാര്‍ട്ട് പാര്‍ക്കിംഗ് ആപ്പ് സേവനം വാഹനവുമായി എത്തിയ സന്ദര്‍ശകര്‍ക്ക് പാര്‍ക്കിംഗ് എളുപ്പമാക്കി.

date