Skip to main content

വൈബ് ഫോർ വെൽനെസ്സ് ക്യാമ്പയിൻ പ്രചരണ ജാഥ: സ്വീകരണ സമ്മേളനം ഇന്ന് (30ന്) മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആരംഭം കുറിക്കുന്ന 'ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്സ്' കാമ്പയിന്റെ മുന്നോടിയായി  പ്രചരണ ജാഥയ്ക്ക് ചെങ്ങന്നൂരിൽ ഇന്ന് (ഡിസംബർ  30ന്)  സ്വീകരണം നൽകും.  ചെങ്ങന്നൂർ  ക്രിസ്ത്യൻ കോളേജിൽ നടക്കുന്ന സ്വീകരണ സമ്മേളനം രാവിലെ ഒമ്പതിന് സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 

ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് ഊന്നൽ നൽകി കൊണ്ട്  പുതുവർഷത്തിൽ സംസ്ഥാനത്തൊട്ടാകെ തുടങ്ങുന്ന കാമ്പയിന്റെ  മുന്നോടിയായി കാസർഗോഡും നിന്നുമാണ് പ്രചരണ ജാഥ ആരംഭിച്ചത്.  സൈക്കിൾ റാലിയുടെയും വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ജാഥയെ ചെങ്ങന്നൂർ റെയിൽവെ മേൽപ്പാലത്തിനു സമീപമുള്ള പുത്തൻ വീട്ടിൽപ്പടി ജംഗ്ഷനിൽ നിന്നും സ്വീകരിക്കും. 

ജില്ലാ കളക്ടർ അലക്സ് വർഗീസ്  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജമുന വർഗ്ഗീസ് ആരോഗ്യ സന്ദേശം നൽകും. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. കോശി എൻ പണിക്കർ, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർമാർ ഡോ.എസ്‌ ആർ ദിലീപ് കുമാർ, ഡോ. കെ എസ്‌ അനീഷ് , ജില്ല മെഡിക്കൽ ഓഫീസർ (ഐ.എസ്‌.എം) ഡോ. ജിജി ജോൺ,  ജില്ല മെഡിക്കൽ ഓഫീസർ (ഹോമിയൊ) ഡോ. സുമേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം അനന്ത് , ആരോഗ്യ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാർ എന്നിവർ സംസാരിക്കും. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ജീവിത ശൈലി രോഗ നിർണ്ണയ ക്ലിനിക്കും സംഘടിപ്പിച്ചിട്ടുണ്ട്. 

കൃത്യമായ  ഇടപെടലുകളിലൂടെ  ജീവിത ശൈലിയിൽ മാറ്റം വരുത്തി മാനസിക ശാരീരിക ആരോഗ്യം കൈവരിക്കുക എന്നതാണ് ക്യാമ്പയിൻ  മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന്  തിരുവനന്തപുരത്ത്   ആരോഗ്യ മന്ത്രി വീണ ജോർജിന്റെ  അധ്യക്ഷതയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതാണ്.
 

date