ലിറ്റിൽകൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കം*
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ്‌സ് ഐ.ടി. ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ഉപജില്ലാതല ദ്വിദിന ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി.
ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നതെങ്ങനെയെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നേരിട്ട് മനസ്സിലാക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഇതിനായി കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കുന്ന പ്രോട്ടോടൈപ്പുകൾ പ്രോഗ്രാമിങ്ങിലൂടെ ഓരോ കുട്ടിയും ക്യാമ്പിൽ തയ്യാറാക്കുന്നുണ്ട്. ജില്ലയിലെ 211 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി ആകെ 6,624 അംഗങ്ങളാണുള്ളത്.
സ്കൂൾതല ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,387 കുട്ടികളാണ് ജില്ലയിലെ 14 ഉപജില്ലകളിലായി നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കുന്നത്.
ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകളുള്ള മുഴുവൻ ഹൈസ്കൂളുകൾക്കും നിലവിലുള്ള റോബോട്ടിക്സ് കിറ്റുകൾക്ക് പുറമെ അഡ്വാൻസ്ഡ് റോബോട്ടിക്സ് കിറ്റുകൾ ജനുവരി മാസത്തിൽ തന്നെ ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്
പറഞ്ഞു.
കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ കൂടാതെ അനിമേഷൻ മേഖലയിലും കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഓപ്പൺ ട്യൂൺസ്, ബ്ലെൻഡർ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഷോർട്ട് വീഡിയോകൾ തയ്യാറാക്കാനും ക്യാമ്പിൽ അവസരമുണ്ടാകും. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾ ജനുവരി മൂന്നിന് സമാപിക്കും.
- Log in to post comments