എറണാകുളത്ത് ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ ക്യാമ്പ് സംഘടിപ്പിച്ചു; ജില്ലയിൽ അവകാശികളില്ലാതെ കിടക്കുന്നത് 307 കോടി രൂപ
കൊച്ചി: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെൻ്റും (DFS) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) സംയുക്തമായി നടപ്പിലാക്കുന്ന "ആപ്കി പുഞ്ചി ആപ്ക അധികാർ / നിങ്ങളുടെ പണം നിങ്ങളുടെ അവകാശം" എന്ന ദേശീയ പ്രചാരണ പരിപാടിയുടെ ഭാഗമായി എറണാകുളത്ത് അവകാശികളില്ലാത്ത സാമ്പത്തിക ആസ്തികൾ (Unclaimed Financial Assets) വീണ്ടെടുക്കുന്നതിനായുള്ള ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള ഇൻഫൻ്റ് ജീസസ് പാരിഷ് ഹാളിലായിരുന്നു ക്യാമ്പ് നടന്നത്.
എസ്.എൽ.ബി.സി (SLBC) നൽകിയ കണക്കുകൾ പ്രകാരം, കേരളത്തിൽ അവകാശികളില്ലാത്ത ഏറ്റവും കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളത് എറണാകുളം ജില്ലയിലാണ്. ഏകദേശം 11.93 ലക്ഷം അക്കൗണ്ടുകളിലായി 307 കോടിയോളം രൂപയാണ് റിസർവ് ബാങ്കിൽ ഇത്തരത്തിൽ അവകാശികളില്ലാതെ കിടക്കുന്നത്. ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക ആസ്തികൾ അവയുടെ യഥാർത്ഥ ഉടമകളിലേക്കോ നിയമപരമായ അനന്തരാവകാശികളിലേക്കോ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
എറണാകുളം എം.എൽ.എ ശ്രീ. ടി. ജെ. വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആർ.ബി.ഐ ജനറൽ മാനേജർ ശ്രീ. മുഹമ്മദ് സാജിദ് പി. കെ. അധ്യക്ഷത വഹിച്ചു. എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശ്രീ. വിനോദ് രാജ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എസ്.ബി.ഐ ഡി.ജി.എം ശ്രീ. വിനയ് കുമാർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഡി.ജി.എം ശ്രീ. സതീഷ് കുമാർ, എൽ.ഐ.സി പ്രതിനിധി ശ്രീമതി. ജ്യോതിലക്ഷ്മി, എറണാകുളം ലീഡ് ഡിസ്ട്രിക്ട് മാനേജർ ശ്രീ. അജിലേഷ് സി. എന്നിവർ സംസാരിച്ചു.
പൊതുജനങ്ങളെ സഹായിക്കുന്നതിനായി വിവിധ ബാങ്കുകളും എൽ.ഐ.സിയും വേദിയിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. നാനൂറോളം ആളുകൾ ക്യാമ്പ് സന്ദർശിക്കുകയും സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ആസ്തികൾ ക്ലെയിം ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനായി പ്രത്യേക ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു.
തങ്ങളുടെയോ മരണപ്പെട്ട ബന്ധുക്കളുടെയോ പേരിൽ ലഭിക്കാനുള്ള സാമ്പത്തിക ആസ്തികളെക്കുറിച്ച് അന്വേഷിക്കാനും അവ ക്ലെയിം ചെയ്യാനും ബാങ്കുകളെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
- Log in to post comments