ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ അവലോകന യോഗം നടത്തി
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി, തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബജറ്റ് പ്രവര്‍ത്തികള്‍ എന്നിവ സംബന്ധിച്ച് ചാവക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ എന്‍.കെ അക്ബര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ 43-ാം വാര്‍ഡിലെ അങ്കണവാടി, കടപ്പുറം ഗ്രാമപഞ്ചായത്തിലെ മൂന്ന്, ഒമ്പത് വാര്‍ഡുകളിലെ അങ്കണവാടികള്‍ എന്നിവയുടെ നിര്‍മ്മാണം 2026 ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കുന്നതിന് എക്സി. എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്കി.
ബജറ്റില്‍ ഉള്‍പ്പെട്ട അഞ്ച് കോടി രൂപയുടെ ചാവക്കാട് നഗരസഭ ഓഫീസ് നിര്‍മ്മാണ പ്രവൃത്തിയുടെ ടെണ്ടര്‍ ക്ഷണിച്ചതായും നവകേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട ചാവക്കാട് നഗരസഭ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് 17 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചതായും എക്സി. എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭയില്‍ എം.എല്‍.എ ഫണ്ട് അനുവദിച്ച തൊഴിയൂര്‍ ഹൈസ്ക്കൂള് റോഡ്, തലേങ്ങാട്ടിരി റോഡ്, ക്ഷത്രിയ റോഡ് തുടങ്ങിയവയുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും ഗുരുവായൂര്‍ ബയോപാര്‍ക്കിലും റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയും അനുവദിച്ച ഓപ്പണ്‍ ജി
മ്മുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്കി.
കാലവര്‍ഷക്കെടുതിയുടെ ഭാഗമായി മണ്ഡലത്തില്‍ അനുവദിച്ച റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ സാമ്പത്തികാനുമതി 2026 ജനുവരി 15 നകം ജില്ലാ കളക്ടറില്‍ നിന്നും നേടി പ്രവൃത്തി ആരംഭിക്കാന്‍ നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്കി. യോഗത്തില്‍ എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ ജയരാജ്, എല്‍.എസ്.ജി.ഡി എക്സി. എഞ്ചിനീയര്‍ സ്മിത, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, അസി. എക്സി. എഞ്ചിനീയര്‍മാര്‍, അസി. എഞ്ചിനീയര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments