വർണ്ണക്കുട 2025; രണ്ടാം ദിനം വർണ്ണാഭമായി
രഗാസയുടെ നാടൻപാട്ടും പ്രശസ്ത ചലച്ചിത്ര താരം ആശാ ശരത്തിന്റെ നൃത്താവിഷ്കാരവും കൂടിചേർന്നപ്പോൾ ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ 'വർണ്ണക്കുട 2025' ന്റെ രണ്ടാം ദിനം ആവേശഭരിതമായി. വർണ്ണക്കുട മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ മൈന ആൻഡ് ടീമിന്റെ തിരുവാതിരക്കളി, ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളുടെ നൃത്താവിഷ്കാരം, ഡോൺ ബോസ്കോ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സംഘഗാനം എന്നിവ പ്രേക്ഷക ശ്രദ്ധ നേടി.
ഭിന്നശേഷി പ്രതിഭയായ മുഹമ്മദ് യാസീൻ സഹോദരൻ അൽ അമീൻ എന്നിവരെ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ആദരിച്ചു. ഭിന്നശേഷി മേഖലയിലെ ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ‘ശ്രേഷ്ഠ ദിവ്യാങ് ബാല്യ പുരസ്കാരം’ ഉൾപ്പെടെ കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ സർഗാത്മക പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരങ്ങളും മുഹമ്മദ് യാസീൻ നേടിയിട്ടുണ്ട്. പരിമിതികളെ മറികടന്ന് സർഗാത്മകതയുടെ ഉയർന്ന പാതകളിലേക്ക് മുന്നേറുന്ന മുഹമ്മദ് യാസീൻ സമൂഹത്തിന് മാതൃകയായി തുടരട്ടെയെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ആശംസിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. മനു, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശിവൻകുട്ടി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് തമ്പി, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി കണ്ണൻ, ഇരിങ്ങാലക്കുടയിലെ വിവിധ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെയും വേദിയിൽ ആദരിച്ചു. രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിഴൽ വ്യാപാരികൾ, സ്വാലിഹ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് ഷാജു വാലപ്പനെയും സംവിധായകൻ സിദ്ദിഖ് പറവൂരിനെയും പ്രശസ്ത ചലച്ചിത്ര താരം ആശാ ശരത്തിനെയും സംഘത്തെയും മന്ത്രി ആർ. ബിന്ദു ചടങ്ങിൽ ആദരിച്ചു.
- Log in to post comments