Skip to main content

മേരി തോമസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

 

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 12-ാമത്തെ പ്രസിഡന്റായി വാഴാനി ഡിവിഷനില്‍ നിന്നുള്ള മേരി തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 30 വോട്ടുകളില്‍ 21 വോട്ടുകളും നേടിയാണ് മേരി തോമസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

വാഴാനി ഡിവിഷനില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് ജില്ലാ പഞ്ചായത്തിലേക്ക് മേരി തോമസ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച പുത്തൂര്‍ ഡിവിഷനില്‍ നിന്നുള്ള ഇ.എ ഓമനക്ക് (യു.ഡി.എഫ്) 9 വോട്ടുകള്‍ ലഭിച്ചു.

രാവിലെ 10.40 ന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിശദീകരിച്ചു. കൈപ്പമംഗലം ഡിവിഷനില്‍ നിന്നുള്ള കെ.എസ് ജയ പ്രസിഡന്റ് സ്ഥാനത്തേക്ക് മേരി തോമസിനെ നിര്‍ദ്ദേശിക്കുകയും പീച്ചി ഡിവിഷനിലെ പി.എസ് വിനയന്‍ പിന്താങ്ങുകയും ചെയ്തു. വടക്കേക്കാട് ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗം ആദ്യ വോട്ട് ചേയ്തു. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റ് 29 അംഗങ്ങളും വോട്ട് രേഖപ്പെടുത്തി.
 

സത്യപ്രതിജ്ഞ ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date