Skip to main content

പിഴയല്ല, പ്രചോദനം - ഹെൽമറ്റ് നിയമം പാലിച്ച കുടുംബത്തെ അഭിനന്ദിച്ച് ജില്ലാകളക്ടറും ആർടിഒയും

റോഡ് സുരക്ഷാ നിയമങ്ങൾ അവഗണിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഹെൽമറ്റ് നിയമം കൃത്യമായി പാലിച്ച് മാതൃകയായ കുടുംബത്തെ അഭിനന്ദിച്ച് ജില്ലാ കളക്ടറും മോട്ടോർ വാഹന വകുപ്പും.

 

ഓഫിസിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്കൂട്ടറിൽ കുട്ടികളടക്കം ഹെൽമറ്റ് ധരിച്ച് സഞ്ചരിച്ചിരുന്ന കുടുംബത്തെ എറണാകുളം എൻഫോസ്മെൻ്റ് ആർ ടി ഓ ബിജു ഐസക്ക് ശ്രദ്ധിക്കുന്നത്. പലരും ഹെൽമറ്റ് നിയമം ഒഴിവാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, കുട്ടികളടക്കം മൂവരും സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് യാത്ര നടത്തിയിരുന്നത്. ഈ ഉത്തരവാദിത്തപരമായ സമീപനം അഭിനന്ദനാർഹമാണെന്ന് വിലയിരുത്തിയ ആർടിഒ, കുടുംബത്തെ ഓഫീസിലേക്ക് ക്ഷണിച്ചു.

 

തുടർന്ന് നിയമങ്ങൾ പാലിച്ചതിന് കുട്ടികൾക്ക് മിഠായികൾ നൽകി പ്രോത്സാഹിപ്പിക്കുകയും, റോഡ് സുരക്ഷയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. 

 

ഈ സമയം കളക്ടറേറ്റിലേക്ക് പതിവുപോലെ എത്തിയ ജില്ലാകളക്ടർ ജി പ്രിയങ്കയെ ഇക്കാര്യം അറിയിച്ചു.

 

 ജില്ലാകളക്ടർ കുടുംബത്തെ അഭിനന്ദിക്കുകയും ഇത്തരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന നല്ല മാതൃകകൾ സമൂഹത്തിൽ കൂടുതൽ പ്രചരിക്കേണ്ടതുണ്ടെന്നും, ഇപ്രകാരം മാതൃകാപരമായി പ്രവർത്തിക്കുന്ന കുട്ടികളിലാവണം നാളെയുടെ ഭാവി എന്നും പറഞ്ഞു. 

 

 നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾ കുട്ടികളിലും, മുതിർന്നവരിലും റോഡ് സുരക്ഷാ അവബോധം വർദ്ധിപ്പിക്കുമെന്നും, സമൂഹത്തിന് നല്ല സന്ദേശം നൽകുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു

date