കൊച്ചി നഗരത്തിലെ തീപിടുത്തങ്ങൾ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു
കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന്റെയും ജില്ലാ കളക്ടർ ജി പ്രിയങ്കയുടെയും നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു.
സബ് കളക്ടറുടെ നേതൃത്വത്തിൽ കോർപ്പറേഷൻ സെക്രട്ടറി, കെ.എസ്.ഇ.ബി, ഫയർഫോഴ്സ്, ഹസാർഡ് അനലിസ്റ്റ് ബന്ധപ്പെട്ട മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് സമിതി രൂപികരിക്കാനും നഗരപ്രദേശങ്ങളിലെ മാർക്കറ്റുകളും തീപിടുത്തത്തിന് സാധ്യതയുള്ള മറ്റു പ്രദശങ്ങളും അടിയന്തരമായി സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം നിർദ്ദേശം നൽകി.
വേനൽക്കാലത്തിന് മുമ്പായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക മോണിറ്ററിംഗ് സമിതികൾ രൂപീകരിച്ച് പ്രദേശത്തെ സ്കൂളുകൾ, ആശുപത്രികൾ, മാർക്കറ്റ്, പാഴ് വസ്തു ശേഖരണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ജനുവരി 15 നകം ഫയർ ഓഡിറ്റ് നടത്തണം. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ലഭ്യമായിട്ടുള്ള ഹിറ്റാച്ചി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. ആവശ്യഘട്ടത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി അവയുടെ ലഭ്യത ഉറപ്പാക്കുവാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഫയർ ഹൈഡ്രെന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും ആദ്യ ഘട്ടമെന്ന നിലയിൽ ബ്രോഡ് വേയിലും ആലുവയിലും ഫയർ ഹൈഡ്രുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
തമ്മനത്ത് പുതിയ വാട്ടർ ടാങ്ക് നിർമിക്കുന്നതിനായി 12 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായതായും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
കടലാക്രമണം, തീരദേശ മേഖലയിലെ മണ്ണൊലിപ്പ് എന്നിവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് ചർച്ച ചെയ്യുന്നതിനായി ജനുവരിയിൽ പ്രത്യേക അവലോകനയോഗം ചേരാനും യോഗത്തിൽ തീരുമാനിച്ചു.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments