Skip to main content

സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം കര്‍മസേനാംഗങ്ങള്‍ ജനുവരി ഒന്ന് മുതല്‍ വീടുകളിലേക്ക്  

നവകേരള സൃഷ്ടിക്കായുള്ള ജനഹിതം തേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ വിവരശേഖരണത്തിന് ജനുവരി ഒന്നിന് തുടക്കമാകും. വിവിധ ഇടങ്ങളില്‍ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഭവനങ്ങളില്‍ നിന്നാണ് വിവരശേഖരണം ആരംഭിക്കുക. കൊട്ടാരക്കര മണ്ഡലത്തില്‍ വെളിയം ഗ്രാമപഞ്ചായത്തില്‍ വൈകിട്ട് നാലിന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജഗദമ്മ ടീച്ചറില്‍ നിന്ന് വിവരശേഖണം നടത്തും. സമീപത്തെ ഉന്നതിയിലെ ജനങ്ങളില്‍ നിന്നും മന്ത്രി അഭിപ്രായങ്ങള്‍ സ്വരൂപിക്കും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനാപുരം മണ്ഡലത്തില്‍ ഗാന്ധി ഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ചടയമംഗലത്ത് കവി കുരീപ്പുഴ ശ്രീകുമാര്‍, കൊല്ലത്ത് കാഥികന്‍ വസന്തകുമാര്‍ സാംബശിവന്‍ എന്നിവരുടെ ഭവനങ്ങളും സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തും. നിലവിലെ വികസന-ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ശേഖരിക്കുക, എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോയെന്ന് ഉറപ്പാക്കുക, പുതിയ തൊഴിലവസരങ്ങള്‍, വികസന പദ്ധതികളില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. സന്നദ്ധപ്രവര്‍ത്തകരായ കര്‍മസേനാംഗങ്ങളാണ് എല്ലാ വീടുകളിലേക്കും എത്തി വിവരങ്ങള്‍ ശേഖരിക്കുക. ഫെബ്രുവരി 28 ഓടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. 

 

date