Skip to main content

ദിശ അവലോകനയോഗം ചേര്‍ന്നു

സ്വച്ഛ് ഭാരത് മിഷന്‍, പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്യോജന, പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ്യോജന തുടങ്ങി വിവിധ പദ്ധതികളുടെ നടത്തിപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന സമിതിയായ ദിശാ യോഗം ആവശ്യപ്പെട്ടു.

ജില്ലയിലെ 37 പദ്ധതികളെ കുറിച്ച് വിലയിരുത്തി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 21.3 കോടിരൂപ മുടക്കി നിര്‍മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മാണവും, 1.2 കോടി രൂപ കൊല്ലത്ത് സജ്ജമാക്കുന്ന ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് യൂണിറ്റിന്റെ നിര്‍മാണവും ഈ സാമ്പത്തികവര്‍ഷംതന്നെ പൂര്‍ത്തീകരിക്കും. ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഗൈനക് വിഭാഗത്തിന് പ്രത്യേക ബ്ലോക്ക് നിര്‍മിക്കുന്നതിന് 9.6 കോടി രൂപയുടെ വിശദമായ പദ്ധതിറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിവരുന്നു. നെടുങ്ങോലം താലൂക്കാശുപത്രിയില്‍ മലിനജലസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് 1.2 കോടിരൂപയുടെ പദ്ധതി നടപ്പാക്കും. കൊല്ലം ബേണ്‍സ്‌കെയര്‍ യൂണിറ്റിന്റെ രണ്ടാംഘട്ട വികസനത്തിന് 60 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. ഇരവിപുരം പി.എച്ച്.സി, ജില്ലാ വാക്സിന്‍ സ്റ്റോര്‍, മണ്‍ട്രോതുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവയുടെ വികസന പ്രവര്‍ത്തനം പുരോഗമിക്കുന്നു. കുളത്തൂപ്പുഴ പി.എച്ച്.സിയിലെ കുട്ടികളുടെയും പുരുഷ•ാരുടെയും സ്ത്രീകളുടെയും പുതിയ വാര്‍ഡുകളുടെ നിര്‍മാണവും ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കും.  

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്, ദിശാ കണ്‍വീനര്‍ ബി ശ്രീബാഷ്., കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി ചിറ്റുമൂല നാസര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധികളായ എബ്രഹാം സാമുവല്‍, അബ്ദുള്ള ആസാദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3605/2025)

date