Skip to main content

60 അധ്യായങ്ങള്‍ പിന്നിട്ട് മുഖാമുഖം മീറ്റ് യുവര്‍ കളക്ടര്‍ പരിപാടി സ്പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികള്‍ കളക്ടറെ കാണാനെത്തി

ജില്ലയിലെ വിവിധ മേഖലകളിലുള്ളവര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി സംവദിക്കുന്ന 'മുഖാമുഖം മീറ്റ് യുവര്‍ കളക്ടര്‍' പരിപാടിയുടെ 60-ാം അധ്യായത്തില്‍ അതിഥികളായി എത്തിയത് അന്തിക്കാട് ബി.ആര്‍ സിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി ഇരുപത്തിയെട്ടോളം കുട്ടികളും അവരുടെ അധ്യാപകരും രക്ഷിതാക്കളുമാണ്.

ക്രിസ്തുമസ്-ന്യൂ ഇയര്‍ ആശംസ കാര്‍ഡ് നല്‍കി ജില്ലാ കളക്ടര്‍ കുട്ടികളെ സ്വാഗതം ചെയ്തു. കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. കുട്ടികളിലൊരാള്‍ വരച്ച പെന്‍സില്‍ ഡ്രോയിങ് കളക്ടര്‍ക്ക് കൈമാറി. മനോഹരമായ ആ ചിത്രം ഏറെ സന്തോഷത്തോടെ കളക്ടര്‍ ഏറ്റുവാങ്ങി. കുട്ടികള്‍ക്കായി കരുതിയിരുന്ന ചെറിയ സമ്മാനങ്ങള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്യുകയും അവര്‍ക്കൊപ്പം കുട്ടികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികള്‍ ആസ്വദിക്കുകയും ചെയ്തു. കുട്ടികളായ പി.എസ് അഭിനന്ദനയുടെ മോണോ ആക്ടും കീര്‍ത്തനയുടെ ഗാനാവതരണവും കെ.എസ്. ദേവികൃഷ്ണയുടെ നൃത്തവും ശ്രദ്ധേയമായി.

കലാപരിപാടികള്‍ക്കുശേഷം കളക്ടറുടെ ചേംബറിലെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരും കളക്ടറുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. കൂടിക്കാഴ്ചയുടെ ഓര്‍മ്മയ്ക്കായി 'സ്മൈല്‍ ബോള്‍' കുട്ടികള്‍ക്ക് സമ്മാനിച്ചു. അടുത്ത തൃശ്ശൂര്‍ പൂരം നേരിട്ട് കാണണമെന്ന കുട്ടികള്‍ ആഗ്രഹം പറഞ്ഞപ്പോള്‍ നടത്തിക്കൊടുക്കാമെന്ന് ഉറപ്പുനല്‍കി. ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ ഡോ. കെ. ഉമാദേവി, ബി.ആര്‍.സിയിലെ ജീവനക്കാര്‍, ഡി.സി.ഐ.പി ഇന്റേണ്‍സ് എന്നിവരും കുട്ടികളോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു. കളക്ടറോടൊപ്പം എല്ലാവരും ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തതിന്ശേഷമാണ് കുട്ടികള്‍ മടങ്ങിയത്.

date