Skip to main content

വികസനത്തിന്‌ ‘ലാൽസലാം’; ‘ഉള്ളടക്കം’ ജനങ്ങളെ അറിയിക്കണമെന്ന് ചെറിയാൻ കല്പകവാടി

*നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ഭവന സന്ദർശനത്തിന് തുടക്കം

സംസ്ഥാന സർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾക്ക് ‘ലാൽസലാം’ പറഞ്ഞ പ്രശസ്ത തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി ‘പക്ഷേ’ അവയുടെ ‘ഉള്ളടക്കം’  ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന് പുതുവർഷ ദിനത്തിൽ ജില്ലയിൽ തുടക്കംകുറിച്ചു കൊണ്ട് വീട്ടിലെത്തിയ കർമസമിതി അംഗങ്ങളോട് സംസാരിക്കുകയായിരുന്നു നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ അദ്ദേഹം.

 
പൊതു ഇടങ്ങളിലേക്ക് ചപ്പുചവറുകൾ വലിച്ചെറിയുന്ന രീതി മാറ്റി വീടുകളുടെയും കടകളുടെയും പരിസരം ഉടമസ്ഥർ തന്നെ വൃത്തിയാക്കുന്ന രീതി അവലംബിക്കണമെന്ന് കർമ്മസമിതി അംഗങ്ങളോട് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ പുതിയ ഒരു സംസ്കാരത്തിലേക്ക് നാം മാറണം. സമൂഹത്തിൽ എല്ലാതരത്തിലുമുള്ള ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ആശുപത്രികളുടെ കാര്യത്തിൽ സർവ്വേ നടത്തി പഴയ കെട്ടിടങ്ങൾ പൊളിച്ചു കളയാൻ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. കഴിഞ്ഞ 10 വർഷത്തിൽ സർക്കാർ നടപ്പാക്കിയ നല്ല കാര്യങ്ങളെ മറന്നു തെറ്റുകുറ്റങ്ങൾ മാത്രം ചർച്ച ചെയ്താൽ പോരാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനാഭിപ്രായങ്ങൾ സ്വരൂപിച്ച്  ഭരണത്തിൽ വേണ്ട മാറ്റങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കരുവാറ്റ ഗ്രാമപഞ്ചായത്തിലെ കർമ്മ സമിതി അംഗം സുജാത ചെറിയാൻ കല്പകവാടിയുമായി സംസാരിച്ചാണ് വിവരശേഖരണത്തിന് തുടക്കമിട്ടത്. 
വികസന ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങൾ പഠിക്കുക, വികസന ക്ഷേമ പരിപാടികൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുക, പുതിയ തൊഴിലവസരങ്ങൾ, വികസന പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം - വികസന ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങൾ. 
സമൂഹത്തിന്റെ എല്ലാ മേഖലയും കർമ്മസേനാംഗങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സർക്കാരിലേക്ക് എത്തിക്കാൻ അഭിപ്രായം ശേഖരിക്കും. ഹരിപ്പാട് മണ്ഡലത്തിലെ കരുവാറ്റ പഞ്ചായത്തിലാണ് കർമസമിതി അംഗങ്ങൾ വീടുകളിലെത്തിയുള്ള വിവര ശേഖരണത്തിന് തുടക്കം കുറിച്ചത്. 

നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം ജില്ലാതല നിർവഹണ സമിതി അംഗം ജി രാജായി, ഹരിപ്പാട് മണ്ഡലം ചാർജ് ഓഫീസർ ജെ പ്രശാന്ത് ബാബു, മണ്ഡല സമിതി അംഗം ടി എസ് അരുൺകുമാർ, ആർപിമാരായ സി രത്നകുമാർ, പി പി അനിൽകുമാർ, എസ് ദേവരത്നൻ, കരുവാറ്റ മുൻ  പഞ്ചായത്ത്‌ അംഗം പൊന്നമ്മ തുടങ്ങിയവർ പങ്കെടുത്തു.

date