ജില്ലാതല അറിയിപ്പുകള്‍
കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം
നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്ന, മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന യുവജനങ്ങള്‍ക്കായി മാസം 1000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eemployment.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 മുതല്‍ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, രാജ്യത്തെ അംഗീകൃത സര്‍വകലാശാലകള്‍/ ഡീംഡ് സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണനാ ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യ പരിശീലനം, മത്സര പരീക്ഷ പരിശീലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിയ്ക്ക് ഒരു തവണ പരമാവധി 12 മാസത്തേക്ക് മാത്രമേ സ്‌കോളര്‍ഷിപ് ലഭിക്കുകയുള്ളു.
ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവര്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം. ഫോണ്‍: 04902474700
നിയമനം
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള ജീവന സംസ്‌കൃതി സുരക്ഷ എം എസ് എം പ്രൊജക്ടില്‍ പ്രൊജക്ട് മാനേജര്‍, എം ഇ എ മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേഷന്‍ കം അക്കൗണ്ടന്റ്, കൗണ്‍സിലര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി അഞ്ചിന് നടക്കും. മാനേജര്‍, കൗണ്‍സിലര്‍, എം ഇ എ തസ്തികകളിലേക്ക് അന്നേദിവസം രാവിലെ 11 മണിക്കും ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കണ്ണൂര്‍ ജില്ലാആശുപത്രിക്ക് സമീപം (അഞ്ചുകണ്ടി, സുഹറ ക്വാര്‍ട്ടേഴ്‌സ്) ജീവന സംസ്‌കൃതി ഓഫീസില്‍ നേരിട്ട് എത്തണം. മൂന്ന് മാസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.
ഇ മെയില്‍: jeevanasamskrithi123@gmail.com, ഫോണ്‍: 94474 82210, 9847949444
താലൂക്ക് വികസന സമിതി മൂന്നിന്
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജനുവരി മൂന്നിന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നാലാമത് ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്; രജിസ്ട്രേഷന്‍ ആരംഭിച്ചു
ഫെബ്രുവരി 16, 17 തീയതികളില്‍ ചെന്നൈ അണ്ണാ സെന്റിനറി ലൈബ്രറിയില്‍ നടക്കുന്ന നാലാമത് ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. വായനയിലും വായനശാലാ പ്രവര്‍ത്തനങ്ങളിലും തല്‍പരരായവര്‍ക്ക് ജനുവരി 15 വരെ രജിസ്റ്റര്‍ ചെയ്യാം. വ്യക്തികള്‍ക്ക് 1000 രൂപയും സ്ഥാപനങ്ങള്‍ക്ക് 5000 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9946360081, 9442549618 നമ്പറുകളില്‍ ബന്ധപ്പെടാം.
സൗജന്യ ചികിത്സ
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ശല്യതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍ ഒന്‍പത്) വിട്ടുമാറാത്തതും പഴക്കമുള്ളതുമായ മുറിവുകള്‍, വ്രണങ്ങള്‍ എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു. ആവശ്യമുള്ളവര്‍ തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ട് മണി മുതല്‍ ഉച്ച ഒരുമണിവരെയുള്ള സമയങ്ങളില്‍ ഒ.പിയില്‍ നേരിട്ട് എത്തണം.
ഫോണ്‍: 9496082177
അപേക്ഷ നീട്ടി
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 0471 2325101, 8281114464
അഭിമുഖം മാറ്റി
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിയില്‍ ജനുവരി 13 ന് നടത്താനിരുന്ന ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി 17 ലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.
ഐ എച്ച് ആര്‍ ഡിയില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍
ഐ എച്ച് ആര്‍ ഡി തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡിഡിടിഒഎ, സിസിഎല്‍ഐഎസ് കോഴ്സുകളുടെ ഫുള്‍ടൈം/ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍/ ഓഫ്ലൈന്‍/ സായാഹ്ന ബാച്ചുകളിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം. എസ് സി/ എസ് ടി/ ഒ ഇ സി വിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍: 0471 2550612, 9400519491, 8547005087
ഡിറ്റിപിസിയുടെ തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കുന്ന തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം. തെയ്യം നടക്കുന്ന തീയതി, തെയ്യങ്ങളുടെ വിവരം, തെയ്യം നടക്കുന്ന സമയം, കാവിന്റെ ലൊക്കേഷന്‍, കാവ് ഉള്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പേര്, താലൂക്ക്, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ എന്നിവ അടങ്ങിയ വിവരങ്ങള്‍ 8330858604 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് ചെയ്യാം. ഡിറ്റിപിസി ഓഫീസില്‍ നേരിട്ടും വിവരങ്ങള്‍ നല്‍കാം. ഫോണ്‍- 04972706336, 2960336
- Log in to post comments