Skip to main content

സവിശേഷ - Carnival of the Different ' ഭിന്നശേഷി സർഗ്ഗോത്സവത്തിൻ്റെ ലോഗോ  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു

 

 

ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി, 'സവിശേഷ - Carnival of the Different' എന്ന പേരിൽ ഒരുക്കുന്ന ഭിന്നശേഷി സർഗ്ഗോത്സവത്തിൻ്റെ ലോഗോ 

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ: ആർ ബിന്ദു പ്രകാശനം ചെയ്തു.

 

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷിക്ഷേമ ഇടപെടലായി 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിലാണ് 

ഭിന്നശേഷി സർഗ്ഗോത്സവം - 'സവിശേഷ - Carnival of the Different' - അരങ്ങേറുന്നതെന്ന് മന്ത്രി അറിയിച്ചു. ടാഗോർ തിയറ്റർ ആണ് കാർണിവലിൻ്റെ പ്രധാന വേദി.

 

ജനുവരി 19 ന് രാവിലെ ഒമ്പതരയ്ക്ക് ടാഗോർ തിയേറ്ററിൽ കാർണിവൽ ഉദ്‌ഘാടനം നിർവ്വഹിക്കപ്പെടും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ഗവ. വിമൻസ് കോളേജിൽ കലാപരിപാടികൾക്ക് തുടക്കമാവും. 20ന് രാവിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സ്പോർട്ട്സ് പരിപാടികളുടെ ഉദ്‌ഘാടനം കുറിക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി കോളേജിലുമായാവും സ്പോർട്സ് പരിപാടികൾ.

 

പല വേദികളിലായി ഒരേ സമയം ഏഴ് ഇവൻ്റുകൾ നടക്കുന്ന വിധത്തിൽ വിപുലമായ സംഘാടനമാണ് ‘സവിശേഷ - Carnival of the Different'ൽ ഒരുങ്ങുക. എല്ലാ വേദികളിലും ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ ഉണ്ടാകും.

 

കൈരളി, ശ്രീ, കലാഭവൻ, ടാഗോർ, തിയറ്ററുകളിൽ ഒരുക്കുന്ന ചലച്ചിത്രമേളയിൽ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പ്രമേയമായി വരുന്ന ചിത്രങ്ങളും ഭിന്നശേഷിക്കാർ പിന്നണി പ്രവർത്തകരായി വരുന്ന സിനിമകളും പ്രദർശിപ്പിക്കും.

 

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളും സേവനങ്ങളും സംബന്ധിച്ച വിവരങ്ങൾ പ്രദർശനമായി സ്റ്റാളുകളൊരുക്കി സജ്ജമാക്കും. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ ഡെമോൺസ്ട്രേഷനും ഉണ്ടാകും. ഭിന്നശേഷി മേഖലയിലെ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പാനൽ ചർച്ചകളും കാർണിവലിൻ്റെ ഭാഗമായി നടക്കും മന്ത്രി ആർ.ബിന്ദു പറഞ്ഞു.

 

തൊഴിൽ മേള കാർണിവലിൻ്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാവും. തൊഴിൽ മേള വിമൻസ് കോളേജിലാണ് നടക്കുക. തൊഴിൽ മേളയിൽ നൂറോളം തൊഴിൽ ദായകരും ആയിരത്തിലധികം തൊഴിലന്വേഷകരും പങ്കെടുക്കും.

 

ഭിന്നശേഷിക്കാർ എഴുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നതിനും പുസ്തകങ്ങൾ ചർച്ച ചെയ്യുന്നതിനും കാർണിവലിൽ വേദിയൊരുങ്ങും. ഒപ്പംതന്നെ, ഭിന്നശേഷിക്കാരുടെ സാഹിത്യ സൃഷ്ടികൾക്കും വൈജ്ഞാനിക രചനകൾക്കും പ്രത്യേക പുരസ്കാരം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സൃഷ്ടികൾ ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം പുസ്തകോത്സവവും ‘സവിശേഷ’യിൽ ഉണ്ടാകും.

 

ഭിന്നശേഷി കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത -നൃത്ത - ദൃശ്യാവതരണ പരിപാടികൾ ഉൾപ്പെട്ട റിഥം, കാർണിവലിന് നിറപ്പകിട്ടേകി ഉണ്ടാകും.

 

മറ്റു ജില്ലകളിൽ നിന്നും നേരിട്ടെത്താൻ സാധിക്കാത്തവർക്ക് പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ വെർച്ച്വൽ സംവിധാനം ഏർപ്പെടുത്തുന്നുണ്ട്.

 

ഭിന്നശേഷിക്കാരായ

ഡിസൈൻ ആർട്ടിസ്റ്റുകളിൽ നിന്നാണ് ലോഗോ ക്ഷണിച്ചത്. കേൾവി 

വെല്ലുവിളികൾ നേരിടുന്ന ആലുവ സ്വദേശി അബ്ദുൾ ഷുക്കൂർ കെ.എം ഡിസൈൻ ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡിസൈനറായ അബ്ദുൾ ഷുക്കൂർ ഇതിനോടകം ഒട്ടേറെ സർക്കാർ സർക്കാരിതര പ്രോഗ്രാമുകൾക്ക് വേണ്ടി ലോഗോ ഡിസൈൻ ചെയ്തിട്ടുണ്ട്. 

 

ലോഗോയ്ക്കുള്ള പുരസ്ക്കാരവും മറ്റു പുരസ്കാരങ്ങളും സവിശേഷ കാർണിവലിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് സമ്മാനിക്കും.

date