Skip to main content

പദ്ധതി നടപടികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണം: ജില്ലാ വികസന സമിതി

സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം മാത്രമുള്ള സാഹചര്യത്തിൽ പദ്ധതികൾ സംബന്ധിച്ച നടപടികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി. 

 

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ രണ്ട് മാസം മാത്രമാണ് പദ്ധതി നിർവഹണത്തിനായി ലഭിക്കുക. മാർച്ച് മാസത്തിനു മുമ്പായി തങ്ങൾക്ക് കീഴിൽ വരുന്ന പദ്ധതികൾ പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളും പ്രത്യേക ശ്രദ്ധ നൽകണം. ഭരണാനുമതിയും സാങ്കേതിക അനുമതിയും വേണ്ട പദ്ധതികളിൽ എത്രയും വേഗം അത് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

 

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും ആരംഭിക്കാനുള്ളതുമായ പദ്ധതികൾ സംബന്ധിച്ച പുരോഗതിയും തുടർനടപടികളും പി.വി ശ്രീനിജിൻ എം.എൽ.എ യോഗത്തിൽ ആരാഞ്ഞു. ചില പദ്ധതികൾ അനന്തമായി നീളുന്ന സാഹചര്യം ഉണ്ട്. ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തരുത്. മുടിക്കൽ സ്കൂൾ കെട്ടിടം സംബന്ധിച്ച സാങ്കേതിക അനുമതി പരമാവധി വേഗത്തിൽ ലഭ്യമാക്കണം. ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ ടാർ മിക്സിംഗ് പ്ലാന്റിന് ലൈസൻസ് കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരം ആണോ ലഭിച്ചത് എന്ന് പരിശോധിക്കണമെന്നും എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

 

തമ്മനം - പുല്ലേപ്പടി റോഡിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിനായുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ടി.ജെ വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ഇതിന് സർവേയറെ നിയമിക്കണം.1985 ൽ നോർത്ത് ഇടപ്പള്ളി , സൗത്ത് ഇടപ്പള്ളി വില്ലേജുകളിൽ റെയിൽവേ ഏറ്റെടുത്ത സ്ഥലങ്ങളിൽ ഉപയോഗപ്പെടാത്തവ ചിലത് ലേലം ചെയ്തു നൽകിയതിലെ പിഴവുകൾ പരിഹരിക്കുന്നത് അനന്തമായി നീളുന്നു ഇതിന് പരിഹാരം വേണമെന്നും എം.എൽ.എ പറഞ്ഞു.

 

 ഈ പ്രശ്നത്തിൽ കൃത്യമായ മേൽനോട്ടം ആവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച പ്രത്യേക യോഗം വിളിക്കുമെന്നും ജില്ലാ കളക്ടർ ജി.പ്രിയങ്ക പറഞ്ഞു. 

 

ഓപ്പറേഷൻ ബ്രേക്ക് ത്രൂവുമായി ബന്ധപ്പെട്ട്‌ മുല്ലശ്ശേരി കനാലിന്റെ ചിറ്റൂർ റോഡ് മുതൽ എം.ജി റോഡ് വരെയുള്ള ഭാഗത്തെ പ്രവർത്തി നടത്തുന്നതിന് അടിയന്തരമായി ടെണ്ടർ നടപടികൾ പൂർത്തീകരിക്കണം. എം.ജി റോഡിലെ ഡ്രെയിനേജ് നവീകരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിലവാരം ഉറപ്പാക്കി സമയബന്ധിതമായി തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

date