Skip to main content
റാന്നിയില്‍ ക്നാനായ സഭാ അധ്യക്ഷന്‍ കുറിയാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയ്ക്ക് പ്രമോദ് നാരായണന്‍ എംഎല്‍എ മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറുന്നു

സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം : സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം നിര്‍ദ്ദേശങ്ങള്‍ തേടി പ്രമോദ് നാരായണന്‍ എംഎല്‍എ

സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തേടിയുള്ള സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമില്‍ ഭാഗമായി പ്രമോദ് നാരായണ്‍ എംഎല്‍എയും. റാന്നിയില്‍ ക്നാനായ സഭാ അധ്യക്ഷന്‍ കുറിയാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഭവനസന്ദര്‍ശനത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം എംഎല്‍എയും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പ്രത്യേക കത്തും അനുബന്ധ രേഖകളും അദ്ദേഹം മെത്രാപ്പോലീത്തക്ക് കൈമാറി.

ഗവി, പെരുന്തേനരുവി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ടൂറിസം വികസന പദ്ധതികള്‍ക്ക് വലിയ സാധ്യതകളുണ്ടെന്ന് മെത്രാപ്പോലീത്ത നിര്‍ദ്ദേശിച്ചു. ജില്ലയില്‍ പ്രാദേശികമായി റബ്ബര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് സംരംഭങ്ങള്‍ വേണം. ശബരിമലയുടെ പ്രസക്തി കണക്കിലെടുത്ത് കിഴക്കന്‍ മേഖലയില്‍ ആധുനിക രീതിയിലുള്ള ആശുപത്രി സ്ഥാപിക്കണം.  വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ സാധ്യതയുള്ളതും നാട്ടില്‍ തന്നെ ജോലി ലഭിക്കുന്നതുമായ പുതിയ കോഴ്സുകള്‍, കോളജുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

നവകേരള സദസില്‍ മെത്രാപ്പോലീത്ത പങ്കുവെച്ച നിര്‍ദ്ദേശങ്ങളുടെ തുടര്‍ച്ചയായാണ് പെരുന്തേനരുവി ടൂറിസം പ്രോജക്ട് നടപ്പാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഇതിനായി ഏഴു കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.  റാന്നിയുടെ വികസന സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമില്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റാന്നി തൃക്കോമല നൂര്‍ മുഹമ്മദീയ മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് കുട്ടി മൗലവിയെയും സന്നദ്ധപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  അടിസ്ഥാന വികസനത്തിന് മൂലധനം കണ്ടെത്താനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്.  ചെറുപ്പക്കാര്‍ക്ക് നാട്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അസംബ്ലി ചാര്‍ജ് ഓഫീസര്‍ ഡോ. എന്‍. വിനോദ്, കില റിസോഴ്സ് പേഴ്സണ്‍ സതീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

date