Skip to main content

*കുഷ്ഠരോഗം നിവാരണം:  അശ്വമേധം 7.0 ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ ഇന്ന് (07) തുടക്കം* 

കുഷ്ഠരോഗം നിവാരണമെന്ന ലക്ഷ്യത്തോടെ സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗം കണ്ടെത്തുന്നതിന് 2026 ജനുവരി 7 മുതൽ ജനുവരി 20 വരെ  ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 കാമ്പയിന്  ജില്ലയിൽ ഇന്ന് (07) തുടക്കം കുറിക്കും. ജില്ലയിൽ നിലവിൽ 18 പേരാണ് കുഷ്ഠ രോഗത്തിന് ചികിത്സയിലുള്ളത്. 

ഇതിൽ രോഗം മൂലം  ഭാഗികമായി അംഗവൈകല്യമുള്ള 3 പേർ ഉൾപ്പെടുന്നു. കൂടാതെ  2  കുട്ടികളും ഉൾപ്പെടുന്നു. 
കുട്ടികളിൽ കുഷ്ഠരോഗം ഉണ്ടാകുന്നു എന്നത് രോഗത്തിന്റെ സമൂഹത്തിലെ വ്യാപനമാണ് ചൂണ്ടി കാണിക്കുന്നതെന്ന് ജില്ല മെഡിക്കൽ ഓഫീസർ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ  ഇനിയും കേസുകൾ കണ്ടെത്താനുണ്ട് എന്നതാണ്  കണക്കുകൾ സൂചിപ്പിക്കുന്നത്.   ഭവന സന്ദർശന പരിപാടിയിൽ   ജനപിന്തുണയും സഹകരണവും ഉറപ്പാക്കിയാൽ മാത്രമേ കൂടുതൽ കേസുകൾ കണ്ടെത്താൻ സാധിക്കുകയുള്ളു. പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ഒരു ആശ പ്രവർത്തകയും പുരുഷ വോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളിലെത്തി പ്രാഥമിക  ത്വക്ക് പരിശോധന നടത്തും. 1957  ടീമുകളെ ഇതിനായി ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച സംഘാംഗങ്ങൾ ജില്ലയിലെ 608769 വീടുകളിൽ  രണ്ടാഴ്ച്ചകൊണ്ട് സന്ദർശനം പൂർത്തിയാക്കും.   ജില്ലയിൽ പ്രയാലിംഗഭേദമെന്യേ 2400692 വ്യക്തികളെ പരിശോധിക്കേണ്ടതുണ്ട്. രോഗ ലക്ഷണങ്ങൾ  സംശയിക്കുന്നവർക്ക് ആവശ്യമായ തുടർ പരിശോധനയും ചികിത്സയും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കും. വ്യക്തിഗത വിവരങ്ങൾ തികച്ചും സ്വകാര്യമായി സൂക്ഷിക്കും.  

വായുവിലൂടെ പകരും
വായുവിലൂടെ പകരുന്ന ഒരു രോഗമാണ്. കുഷ്ഠരോഗം. തൊലിപ്പുറത്ത് നിറം മങ്ങിയതോ  ചുവന്ന നിറത്തിലുള്ളതോ ആയ  പാടുകളിൽ സ്പർശനം, ചൂട്, തണുപ്പ് , വേദന എന്നിവ അറിയാതിരിക്കുക, വേദനയില്ലാത്ത വൃണം, കൈകാലുകളിലെ പെരുപ്പ്, മരവിപ്പ് എന്നിവ കുഷ്ഠരോഗ ലക്ഷണമാവാം. 

എല്ലാ പാടുകളും കുഷ്ഠരോഗം മൂലമകണമെന്നില്ല . എന്നാൽ ചില പാടുകൾ, തടിപ്പുകൾ എന്നിവ കുഷ്ഠ രോഗം മൂലമാവാം. അതിനാൽ ശരീരത്തിൽ പാടുകളോ, തടിപ്പുകളോ ഉണ്ടോയെന്ന് സ്വന്തമായും ശരീരത്തിന്റെ പുറം ഭാഗങ്ങളിലുള്ള പാടുകൾ ശ്രദ്ധിക്കപ്പെടാതെപോകാമെന്നതിനാൽ  കുടുംബാംഗങ്ങളുടെ സഹായത്തോടെയും  പരിശോധിക്കണം. ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഭവന സന്ദർശന വേളയിൽ അവ കുഷ്ഠരോഗം മൂലമല്ലായെന്ന് ഉറപ്പ് വരുത്തുന്നതിന്  ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട`തുമാണ് .   

പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം
ആറു മുതൽ 12 മാസം വരെയുള്ള ചികിത്സയിലൂടെ കുഷ്ഠരോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം.  രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നത് രോഗ പകർച്ച തടയുന്നതിന് ഏറെ പ്രധാനമാണ്. മറ്റേതൊരു രോഗം പോലെ തന്നെ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗമാണ് കുഷ്ഠരോഗം. അതുകൊണ്ടു തന്നെ രോഗത്തെ പറ്റി അനാവശ്യമായ ഭയമോ ആശങ്കയോ, രോഗ ബാധിതരോട് വിവേചനമോ വേണ്ടതില്ല. ചികിത്സ ആരംഭിച്ച ആഴ്ചകൾക്കുള്ളിൽ തന്നെ മറ്റുളവരിലേക്ക് രോഗം പകരുന്നത് തടയാൻ സാധിക്കും. രോഗം മൂലം അംഗവൈകല്യം സംഭവിക്കുന്നതും ഒഴിവാക്കാം. പ്രധാനമായും ചികിത്സ തുടങ്ങാത്തവരിൽ നിന്ന് മാത്രമെ രോഗം പകരുകയുള്ളു. 

ചികിത്സ സൗജന്യം
എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കുഷ്ഠ രോഗത്തിനുളള ചികിത്സ സൗജന്യമായി ലഭ്യമാണ്. അശ്വമേധം 7.0 ഭവന സന്ദർശന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജനുവരി 7 രാവിലെ 10.30 ന് നൂറനാട്  ലെപ്രസി സാനറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹീന്ദ്രൻ  നിർവ്വഹിക്കും. ബ്ലോക്ക്  പഞ്ചായത്ത്പ്രസിഡന്റ് വി അനു അധ്യക്ഷത വഹിക്കും. 

കാമ്പയിനിന്റെ ഭാഗമായി വിപൂലമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ജില്ലാ ഭരണ കൂടത്തിന്റെ സഹകരണത്തോടെ, വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, അങ്കണവാടികൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ  പ്രവർത്തനങ്ങൾ നടത്തും. 

date