പൊതുവിദ്യാലയ മികവുകളുമായി 'കൈറ്റ് ഹരിതവിദ്യാലയം 4.0' വിദ്യാഭ്യാസ റിയാലിറ്റിഷോ 9 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ
കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ അക്കാദമിക മികവും സാങ്കേതിക-കലാ-കായിക-ശാസ്ത്ര നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക വിദ്യാഭ്യാസ റിയാലിറ്റിഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ജനുവരി 9 മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ആരംഭിക്കുന്നു. ഒരു ദിവസം രണ്ട് സ്‌കൂളുകൾ വീതമുള്ള രണ്ട് എപ്പിസോഡുകളായി റിയാലിറ്റിഷോയുടെ ആദ്യ സംപ്രേഷണം വൈകുന്നേരം 7 മണിയ്ക്കാണ്. തൊട്ടടുത്ത ദിവസം രാവിലെ 7.00 മണിക്കും ഉച്ചയ്ക്ക് 1 മണിയ്ക്കും പുനഃസംപ്രേഷണം ഉണ്ടാകും.
ഓൺലൈനായി അപേക്ഷ സമർപ്പിച്ച 825 സ്‌കൂളുകളിൽ നിന്ന് ഹൈസ്‌കൂൾ-ഹയർസെക്കന്ററി വിഭാഗത്തിൽ 46ഉം പ്രൈമറി-അപ്പർ പ്രൈമറി വിഭാഗത്തിൽ
40 ഉം സ്‌കൂളുകളുമാണ് ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ മാറ്റുരയ്ക്കുക. സ്‌കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം.
കൈറ്റ് വിക്ടേഴ്‌സിന്റെ പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും തത്സമയം കാണാം. youtube.com/itsvicters യുട്യൂബ് ചാനലിലാണ് എപ്പിസോഡുകൾ പിന്നീട് ലഭ്യമാകുക. എല്ലാ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കും എൻട്രൻസ് പരിശീലനം, പരീക്ഷാ സഹായ പ്രോഗ്രാമുകൾ, കലോത്സവം ലൈവ് തുടങ്ങി നിരവധി പരിപാടികൾ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്തുവരുന്നുണ്ട്. നിലവിൽ പ്രസാർ ഭാരതി ശൃംഖലയുടെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സ് എല്ലാ കേബിൾ ശൃംഖലകളിലും പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഡിടിഎച്ച് ശൃംഖലയിൽ ഉൾപ്പെടെ ചാനൽ ലഭിക്കുന്നില്ലെങ്കിൽ അതത് കേബിൾ ഓപ്പറേറ്റർമാരുമായി ഉടൻ ബന്ധപ്പെടേണ്ടതാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
പി.എൻ.എക്സ്. 106/2026
- Log in to post comments