യുവജന കമീഷന്‍ അദാലത്ത്: 14 പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന യുവജന കമീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. 26 പരാതികള്‍ പരിഗണിച്ചതില്‍ 12 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി നാല് പരാതികള്‍ ലഭിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള കുടിശ്ശിക, പഞ്ചായത്ത് റോഡ് നിര്‍മാണത്തിലെ അപാകത, സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ തട്ടിപ്പ്, തൊഴില്‍ വിസ തട്ടിപ്പ്, വീട് നിര്‍മാണാനുമതി, പി.എസ്.സി നിയമനം, സ്വകാര്യ പരിശീലന സ്ഥാപനത്തില്‍ അന്യായമായി വാങ്ങിയ ഫീസ് തിരികെ ലഭിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും സംബന്ധിച്ച് സംസ്ഥാന യുവജന കമീഷന്‍ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായും മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തില്‍ പ്രാവീണ്യമുള്ള അധ്യാപകരുടെയും നേതൃത്വത്തില്‍ നടത്തുന്ന പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം ഷാജര്‍ പറഞ്ഞു. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികളും ലഹരിക്കെതിരെ യുവജന പ്രാധാന്യമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി ക്യാമ്പയിനുകളും നടപ്പാക്കി വരുകയാണെന്നും സൗജന്യ നിയമസഹായത്തിന് 18001235310 എന്ന ടോള്‍ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
കമീഷന്‍ അംഗങ്ങളായ എച്ച് ശ്രീജിത്ത്, പി പി രണ്‍ദീപ്, പി സി വിജിത, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ കെ ജയകുമാര്‍, സംസ്ഥാന കോഓഡിനേറ്റര്‍ അഡ്വ. എം രണ്‍ദീഷ്, പി അഭിഷേക് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments