കലോത്സത്തിന് നാലുനാൾ കൂടി, ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം
തൃശൂർ ജില്ല ആതിഥ്യം വഹിക്കുന്ന 64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാലുനാൾ മാത്രം ശേഷിക്കെ ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടവും മന്ത്രിമാരും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, റവന്യു മന്ത്രി കെ. രാജൻ, ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി.
മന്ത്രിമാരുടെ നേതൃത്വത്തിൽ കലോത്സവം അവലോകനയോഗം, വ്യാപാരി വ്യവസായികളുടെ യോഗം, ഗ്രീൻ പ്രോട്ടോകോൾ യോഗം എന്നിവ ഇന്നലെ നടന്നു.
ഗ്രീൻ വളണ്ടിയർമാർക്കുള്ള പരിശീലനവും യൂണിഫോം വിതരണവും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും ചേർന്ന് നിർവഹിച്ചു.
കേവലം മാലിന്യങ്ങൾ നീക്കം ചെയ്യാനോ, മാലിന്യങ്ങൾ ഇല്ലാതാക്കാനോ ഒരു കമ്മിറ്റി എന്നതിലുപരിയായി നമ്മുടെ സമൂഹത്തിനെ കുറെ നല്ല പാഠങ്ങൾ പഠിക്കാനുള്ള ഒരു വേദിയായി ഇത് മാറി എന്നുള്ളത് സന്തോഷകരമായ കാര്യമാണ് എന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
ശുചിത്വ മിഷൻ, കോർപ്പറേഷൻ, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി എന്നിവർ ചേർന്നാണ് വളണ്ടിയർമാർക്കുള്ള പരീശീലന പരിപാടി സംഘട്ടിപ്പിച്ചത്. ശുചിത്വ മിഷനാണ് വളണ്ടിയർമാർക്കുള്ള യൂണിഫോമുകൾ ഒരുക്കിയത്.
കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷതവഹിച്ചു. സീറോ വേസ്റ്റ് ഇൻ സ്റ്റേറ്റ് ഓഫ് കേരള എന്ന വിഷയത്തിൽ
പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. ഫീൽഡ് പ്രവർത്തനത്തെ കുറിച്ച് ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ വിദ്യാർഥികൾക്ക് പരിശീലനം നൽകി. വിദ്യാഭ്യാസ 'ഉപഡയറക്ടർ പി.എം ബാലകൃഷ്ണൻ, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ ഡോ. പി.ആർ രാമചന്ദ്രൻ, കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കാർത്തിക മുരളി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments