ലഹരിക്കെതിരെ പ്രതിരോധക്കോട്ട തീർത്ത് വിദ്യാർത്ഥികൾ
സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ പ്രതിരോധക്കോട്ട തീർത്ത് വിദ്യാർഥികൾ. സ്വരാജ് റൗണ്ടിൽ നടന്ന ലഹരിവിരുദ്ധ ചങ്ങലയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി പതിനായിരത്തോളം വിദ്യാർഥികൾ അണിനിരന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി. വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ലഹരിയോട് നോ പറയുന്നത് പോലെ അനാരോഗ്യകരമായ പ്രവണതകളോടും പ്രകൃതിവിരുദ്ധമായ ശീലങ്ങളോടും നോ പറയാൻ നമ്മൾ ശീലിക്കണമെന്നും ഇതിനായി ഒരു പെരുമാറ്റച്ചട്ടം തന്നെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ കലോത്സവം നമ്മൾ ആഘോഷിക്കുന്നത് കേവലമൊരു കലാമേള എന്ന നിലയിലല്ലെന്നും മറിച്ച് സമൂഹത്തിന് മികച്ച സന്ദേശങ്ങൾ നൽകുന്ന ഉത്തരവാദിത്ത കലോത്സവം എന്ന നിലയിലാണെന്നും മന്ത്രി പറഞ്ഞു. കലോത്സവ നഗരി മാലിന്യമുക്തമായിരിക്കണമെന്നും മത്സരവേദികളിൽ വിജയിക്കുന്നത് മാത്രമല്ല ജീവിതമെന്നും പരാജയം എന്നത് ജീവിതത്തിന്റെ അവസാനമല്ല, അതൊരു പാഠമാണ് എന്ന് കുട്ടികൾ തിരിച്ചറിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഒല്ലൂർ എസ്.എം.എം.ജി.വി.എച്ച്.എസ്.എസ് വൈലോപ്പിള്ളിയിലെ എൻഎസ്എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിക്കെതിരെ അയ്യയ്യോ ലഹരി ബാധ എന്ന തെരുവ് നാടകം അരങ്ങേറി. തുടർന്ന് സംസ്കൃതം, അറബി കലോത്സവങ്ങളുടെ ലോഗോ പ്രകാശനവും നടന്നു.
- Log in to post comments