Skip to main content
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസില്‍ പങ്കെടുക്കുന്ന അടൂര്‍ എസ്എന്‍ഐടി കോളജ് വിദ്യാര്‍ഥികള്‍

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിന് തുടക്കം

കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിന് പത്തനംതിട്ട ജില്ലയില്‍  തുടക്കം. കോഴഞ്ചേരി മുത്തൂറ്റ് കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അടൂര്‍ കേരള യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചേഴ്സ് എജ്യുക്കേഷന്‍, കോന്നി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, പരുമല ഡിബി പമ്പ കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, അടൂര്‍ എസ്എന്‍ഐടി കോളജ്, മല്ലപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, റാന്നി സെന്റ് തോമസ് കോളജ്, കോന്നി എസ്എഎസ് എസ്എന്‍ഡിപി കോളജ്, അടൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, കലഞ്ഞൂര്‍ സിഎഎസ് കോളജ്, കടമ്മനിട്ട മൗണ്ട് സിയോണ്‍ എഞ്ചിനീയറിംഗ് കോളജ്, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, കോന്നി എസ്ഐഎംഇടി കോളജ് ഓഫ് നേഴ്സിംഗ്, തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നീ കോളജുകളില്‍ നിന്നും വിവിധ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്. സ്‌കൂള്‍തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളജ്തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും.
സ്‌കൂള്‍ തലത്തില്‍ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ മത്സരങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം വലിയ ചരിത്രമാകും. സ്‌കൂള്‍ തലത്തില്‍ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതല്‍ ടീമുകളാകും മത്സരിക്കുക. കോളജ് വിഭാഗത്തില്‍ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളജ്തലത്തില്‍ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനതലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലൂടെ ഇരു വിഭാഗങ്ങളിലെയും അന്തിമ വിജയിയെ കണ്ടെത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് സംഘടിപ്പിക്കുന്നത്.

 

date