സമഗ്ര ഗുണമേന്മ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മുന്നേറ്റം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും (SSK) സംയുക്തമായി നടപ്പാക്കുന്ന 'സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി'ക്ക് ജില്ലയില്‍ തുടക്കമായി. മുണ്ടൂര്‍ ഐ.ആര്.ടി.സി ഹാളില്‍ നടന്ന അധ്യാപക ശില്പശാലയോടെയാണ് പദ്ധതിയുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രൈമറി ക്ലാസുകളില്‍ നടപ്പിലാക്കിയ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, ഈ വര്‍ഷം ഹൈസ്കൂള്‍ മേഖലയിലെ 8, 9 ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് പ്രത്യേക പിന്തുണ സംവിധാനം ഒരുക്കുന്നത്. ഗണിതം, മലയാളം, ഇംഗ്ലീഷ് വിഷയങ്ങളില്‍ സംസ്ഥാനതലത്തില്‍ രൂപപ്പെടുത്തിയെടുത്ത പ്രത്യേക പാക്കേജിലൂടെ കുട്ടികളുടെ അടിസ്ഥാന ശേഷികള്‍ വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ കുട്ടികളില്‍ പഠനപരമായ ആത്മവിശ്വാസം വളര്‍ത്തുകയും അവരെ പ്രധാന അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്യും.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സമഗ്ര ശിക്ഷാ കേരള പാലക്കാട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.കെ നൗഷാദലി നിര്‍വഹിച്ചു. വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.ടി. അറ്റ് സ്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിന്ധു, എസ്.ആര്.ജി അംഗം പ്രവീണ്‍, വിവിധ ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍, സി.ആര്.സി.സി അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ എസ്.എസ്.കെ പ്രോഗ്രാം ഓഫീസര്‍മാര്‍, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ജില്ലയിലെ വിവിധ സ്കൂളുകളില്‍ നേരിട്ടെത്തി പരിശീലനം നല്‍കും.
- Log in to post comments