നിയമം അനുശാസിക്കൽ ജീവിതരീതിയുടെ ഭാഗമാകണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ
*മാറ്റൊലി-2026 ഉദ്ഘാടനം ചെയ്തു
നിയമം അനുശാസിക്കൽ ജീവിതരീതിയുടെ ഭാഗമാണെന്നും സ്കൂളുകളിൽ നിയമ പഠന സിലബസ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ പറഞ്ഞു. സ്ത്രീകൾക്കും വിദ്യാർഥികൾക്കും വേണ്ടി നിയമ വകുപ്പ്സംഘടിപ്പിക്കുന്ന സാമൂഹ്യനിയമ ബോധവത്കരണ പരിപാടിയായ മാറ്റൊലി-2026 ൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിയമ വകുപ്പിനോ വകുപ്പ് മേധാവികൾക്കോ മാത്രമല്ല, എല്ലാവർക്കുമുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ നിയമസെക്രട്ടറി കെ ജി സനൽകുമാർ അധ്യക്ഷനായി.
‘ഇന്ത്യൻ ഭരണഘടനയും പുതിയ ക്രിമിനൽ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം’ എന്ന വിഷയത്തിൽ അഭിഭാഷകൻ അഡ്വ. വി ഭുവനേന്ദ്രൻ നായർ, ‘സ്ത്രീശാക്തീകരണത്തിൽ പ്രത്യേക നിയമങ്ങൾ വഹിക്കുന്ന പങ്ക്‘ എന്ന വിഷയത്തിൽ നിയമ വകുപ്പ് റിട്ട. അഡീഷണൽ സെക്രട്ടറി കെ പ്രസാദ് എന്നിവർ ബോധവത്ക്കരണ ക്ലാസ് നയിച്ചു. നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി ഷിബു തോമസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, നിയമ വകുപ്പ് സെക്ഷൻ ഓഫീസർ എം എം ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments